Monday, September 21, 2026

നിഖില വിമലിന്റെ സഹോദരി സന്യാസം സ്വീകരിച്ചതായി വിവരം !ഇനി അറിയപ്പെടുക അവന്തികാ ഭാരതി എന്ന പേരിൽ

പ്രശസ്ത നടി നിഖില വിമലിന്റെ സഹോദരി അഖില വിമൽ സന്യാസം സ്വീകരിച്ചതായി വിവരം. അഖിലയുടെ ഗുരുവായ അഭിനവ ബാലാനന്ദഭൈരവ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പാണ് ഇത്തരമൊരു നിഗമനത്തിലെത്തിച്ചേരാൻ നെറ്റിസൺസിനെ പ്രേരിപ്പിക്കുന്നത്.
ജൂനാ പീഠാധീശ്വർ ആചാര്യ മഹാ മണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നും എൻ്റെ ശിഷ്യയായ അഖില ഇന്ന് അവന്തികാ ഭാരതി എന്ന നാമത്തിലേക്ക് എത്തി എന്നാണ് അഭിനവ ബാലാനന്ദഭൈരവ കുറിച്ചത്. അഭിനവ പങ്കുവച്ച ഗുരുവിനൊപ്പമുള്ള ചിത്രത്തിൽ സന്യാസ വേഷത്തിൽ കാവി തലപ്പാവ് ധരിച്ചിരിക്കുന്ന അഖിലയെയും കാണാം. കുറച്ചു ദിവസങ്ങൾക്ക് മുൻപ് സന്യാസ വേഷത്തിലുള്ള ഒരു ചിത്രവും അഖില സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചിരുന്നു.

“ജൂനാ പീഠാധീശ്വർ ആചാര്യ മഹാ മണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നും സന്യാസവും മഹാ മണ്ഡലേശ്വർ പദവിയും സ്വീകരിച്ചു സലിൽ ചേട്ടൻ എന്നതിൽ നിന്ന് ആനന്ദവനം ഭാരതി എന്ന നാമത്തിലേക്കും, ശാസ്ത്രാധ്യയനത്തിൽ എൻ്റെ ശിഷ്യ കൂടിയായ അഖില ഇന്ന് അവന്തികാ ഭാരതി എന്ന നാമത്തിലേക്കും എത്തിയതിൽ കാശ്മീര ആനന്ദഭൈരവ പരമ്പരയുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ധര്‍മ്മപ്രചരണത്തിനും ധര്‍മ്മസംരക്ഷണത്തിനുമായുള്ള അഖാഡയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലും ഭാരതത്തിലുടനീളവും വ്യാപിപ്പിച്ചു ഭാരതത്തിൻ്റെ പാരമ്പര്യം ഉയർത്തുവാൻ രണ്ട് പേർക്കും സാധ്യമാകട്ടെ എന്ന് ദേവിയോട് പ്രാർത്ഥിച്ച് കൊണ്ട്, നമോ നമ: ശ്രീ ഗുരുപാദുകാഭ്യാം.” എന്നാണ് അഭിനവ ബാലാനന്ദഭൈരവ ഫേസ്ബുക്കിൽ കുറിച്ചത്.

കലാമണ്ഡലം വിമലാദേവിയുടെയും എം.ആര്‍.പവിത്രന്റെയും മക്കളാണ് അഖിലയും നിഖിലയും. അമ്മയുടെ പാതപിന്തുടര്‍ന്ന് രണ്ടുപേരും നൃത്തം പഠിച്ചിട്ടുണ്ട്. അഖില പിന്നീട് പഠനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ദില്ലിയിലെ ജെഎന്‍യുവില്‍ തിയേറ്റര്‍ ആര്‍ട്‌സില്‍ ഗവേഷണം പൂര്‍ത്തിയാക്കിയശേഷം അഖില ഉപരിപഠനത്തിനായി അമേരിക്കയിലെത്തി. ഹാര്‍വര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മെലോണ്‍ സ്‌കൂള്‍ ഓഫ് തിയേറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സ് റിസര്‍ച്ചില്‍ ഫെല്ലോ ആയിരുന്നു അഖില.

Related Articles

Latest Articles