Tuesday, January 6, 2026

പലസ്തീനെതിരെ വോട്ട്: നരേന്ദ്രമോദിയ്ക്ക് നന്ദിയുമായി നെതന്യാഹു

ജറുസലേം: ഐക്യരാഷ്ട്രസഭയില്‍ ഇസ്രയേലിനെ പിന്തുണച്ചതിന് ഇന്ത്യക്കുള്ള നന്ദിയറിയിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പാലസ്തീന്‍ മനുഷ്യാവകാശ സംഘടനയായ ഷഹേദിന് നിരീക്ഷക പദവി നൽകുന്നതിനെതിരെ ഇസ്രയേല്‍ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ട് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് നെതന്യാഹു തൻ്റെ ട്വീറ്ററിലൂടെ ഇന്ത്യക്ക് നന്ദി അറിയിച്ചത്.

ഐക്യരാഷ്ട്ര സഭയില്‍ ഇസ്രയേലിനൊപ്പം നിന്നതിന് നരേന്ദ്ര മോദിക്കും ഇന്ത്യക്കും നന്ദിയെന്നാണ് നെതന്യാഹു ട്വിറ്ററില്‍ കുറിച്ചത്. ഷാഹിദിനെതിരെ ഇസ്രയേല്‍ കൊണ്ടുവന്ന പ്രമേയത്തെ 28 അംഗരാഷ്ട്രങ്ങളുടെ പിന്തുണയോടെ ഐക്യരാഷ്ട്ര സഭ പാസാക്കി. ഇന്ത്യയ്ക്ക് പുറമേ അമേരിക്ക, ബ്രിട്ടൺ, ജപ്പാന്‍, കൊറിയ, ഫ്രാന്‍സ്, ജര്‍മ്മനി, കാനഡ എന്നീ രാജ്യങ്ങളും ഇസ്രായേലിന് അനുകൂലമായാണ് വോട്ട് ചെയ്തത്. ചൈന, റഷ്യ, സൗദി അറേബ്യ, പാക്കിസ്ഥാന്‍, ഇറാന്‍ എന്നീ രാജ്യങ്ങള്‍ ഇസ്രായേലിന് എതിരായായി വോട്ട് ചെയ്തു.

ചരിത്രത്തില്‍ തന്നെ ഇത് ആദ്യമായിട്ടാണ് ഇന്ത്യ അന്താരാഷ്ട്രവേദിയില്‍ ഇസ്രായേലിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത്. നേരത്തെ ഇസ്രയേല്‍ പാലസ്തീന്‍ വിഷയത്തില്‍ പരസ്യ നിലപാടുകളില്‍ നിന്നും ഇന്ത്യ ഒഴിഞ്ഞ് നിന്നിരുന്നു.

Related Articles

Latest Articles