ഓസ്ട്രേലിയയിലെ ലോവി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട 2026-ലെ ഏഷ്യാ പവർ ഇൻഡക്സിൽ 40.5 പോയിന്റോടെ ഭാരതം ഏഷ്യയിലെ മൂന്നാമത്തെ കരുത്തുറ്റ ശക്തിയായി നിലയുറപ്പിച്ചു; അമേരിക്ക (78.9), ചൈന (73.6) എന്നിവയ്ക്ക് പിന്നിൽ ജപ്പാൻ (38.6), റഷ്യ (32.2) തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ഭാരതത്തിന്റെ ഈ മുന്നേറ്റം. 2018-ൽ സൂചിക ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ശക്തി അന്തരമാണ് ഇത്തവണ ഭാരതവും ചൈനയും തമ്മിൽ രേഖപ്പെടുത്തിയിരിക്കുന്നത്, കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഏഷ്യയിലെ ഏറ്റവും ഫലപ്രദരായ രണ്ടാമത്തെ പ്രാദേശിക നേതാവായി റിപ്പോർട്ട് വിലയിരുത്തിയിട്ടുമുണ്ട്. നയതന്ത്ര സ്വാധീനത്തിൽ 70.3 പോയിന്റും ഭാവി വിഭവങ്ങളിൽ 56.2 പോയിന്റും നേടിയ ഭാരതം, പ്രതിരോധ സഹകരണങ്ങളിലും സാംസ്കാരിക സ്വാധീനത്തിലും മികച്ച നേട്ടം കൈവരിച്ചതായി പഠനം ചൂണ്ടിക്കാണിക്കുന്നു.
രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) കണക്കുകൂട്ടൽ രീതിയിലെ മാറ്റങ്ങളും മൂലം നിലവിലെ സാമ്പത്തിക ശേഷിയിൽ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും, ഭാവി വളർച്ചാ സാധ്യതകളിലും തന്ത്രപരമായ ഇടപെടലുകളിലും ഭാരതം കൈവരിച്ച ഉയർച്ച രാജ്യത്തിന്റെ പ്രാദേശിക സ്വാധീനം വർദ്ധിപ്പിച്ചു. ബ്രഹ്മോസ് മിസൈൽ കയറ്റുമതി ഉൾപ്പെടെയുള്ള പ്രതിരോധ പങ്കാളിത്തങ്ങളും ശക്തമായ നയതന്ത്ര നിലപാടുകളും ഭാരതത്തിന്റെ ‘പവർ യീൽഡ്’ അഥവാ വിഭവങ്ങളെ സ്വാധീനമാക്കി മാറ്റാനുള്ള ശേഷി ഉയർത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഗോളതലത്തിൽ പല പ്രമുഖ രാജ്യങ്ങളുടെയും നയതന്ത്ര സ്വാധീനം കുറഞ്ഞ വേളയിൽ ഭാരതം തങ്ങളുടെ സ്ഥാനം സുശക്തമായി നിലനിർത്തിയത് ദീർഘവീക്ഷണമുള്ള വിദേശനയത്തിന്റെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.
നിർണ്ണായകമായ നേതൃത്വത്തിനും തന്ത്രപരമായ ദിശാബോധത്തിനും കീഴിൽ ‘വിക്ഷിത് ഭാരത്’ എന്ന മഹത്തായ ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ഭാരതത്തിന്റെ വർദ്ധിച്ചുവരുന്ന ആഗോള പ്രസക്തിയാണ് ഈ റിപ്പോർട്ട് അടിവരയിടുന്നത്.

