കോഴിക്കോട്: ഒടുവിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ യൂത്ത്ലീഗ് ദേശീയ വൈസ് പ്രസിഡന്റും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മോയിന്‍ അലി ശിഹാബ് തങ്ങള്‍ രംഗത്ത്. ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട പ്രതിസന്ധിക്ക് കാരണം കുഞ്ഞാലിക്കുട്ടിയാണെന്നും നാല് പതിറ്റാണ്ടായി ഫണ്ട് കൈകാര്യം ചെയ്തത് അദ്ദേഹമാണെന്നും കോഴിക്കോടെ ലീഗ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മൊയിന്‍ അലി പറഞ്ഞു. നാലുപതിറ്റാണ്ടായി ചന്ദ്രികയുടെ ധനകാര്യം നിയന്ത്രിക്കുന്നത് കുഞ്ഞാലിക്കുട്ടിയാണ്. പുതിയ ഫിനാന്‍സ് മാനേജര്‍ ഷമീര്‍ കുഞ്ഞാലിക്കുട്ടിയുടെ നോമിനിയാണ്.
ഷമീറിനെ അന്ധമായി വിശ്വസിച്ചതാണ് ഇപ്പോഴുണ്ടായ പ്രതിസന്ധിക്കു കാരണമെന്നും, ഇക്കാര്യത്തില്‍ സുതാര്യത ഇല്ലാതെ പോയതിനാലാണ് പ്രശ്നത്തില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഇഡിക്ക് മുന്നില്‍ വിവരങ്ങള്‍ നല്‍കേണ്ടിവന്നതെന്നും പാണക്കാട് കുടുംബത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും മോയിന്‍ അലി പറഞ്ഞു. സംഭവത്തിന് ശേഷം ഹൈദരലി തങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ്. കുഞ്ഞാലിക്കുട്ടിയെ പേടിച്ച് പലരും മിണ്ടാതിരിക്കുകയാണ്. ഫണ്ട് വിവാദം പുറത്തുവന്നപ്പോഴെങ്കിലും ഷമീറിനെതിരെ നടപടി എടുക്കണമായിരുന്നു. പാര്‍ട്ടി ഇനിയെങ്കിലും യു ടേണ്‍ എടുക്കണം, മോയിന്‍ അലി കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ, മോയിന്‍ അലി ശിഹാബ് തങ്ങള്‍ വാർത്താസമ്മേളനത്തിൽ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് സൂചിപ്പിച്ച് സംസാരിച്ചു തുടങ്ങിയതോടെ വാര്‍ത്താസമ്മേളനം അലങ്കോലപ്പെടുത്താൻ ശ്രമമുണ്ടായി. പാര്‍ട്ടി പ്രവര്ത്തകന് റാഫി പുതിയകടവ് മോയിന്‍ അലിയെ ചോദ്യം ചെയ്ത് വാര്‍ത്താസമ്മേളനം നടന്ന ഹാളിലേക്ക് അതിക്രമിച്ചുകയറുകയായിരുന്നു. തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇടപെട്ട് ഇയാളെ തിരിച്ചയച്ചു. എന്തായാലും ലീഗിൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടത് കേരളം രാഷ്ട്രീയത്തിന് തന്നെ ചൂടുപിടിപ്പിച്ചിരിക്കുകയാണ്
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

