നവകേരള സദസിന് എത്തുന്ന മുഖ്യമന്ത്രിയെയും പരിവാരങ്ങളെയും കരിങ്കൊടി കാണിക്കുന്നവരെ, ഇടത് പക്ഷ പ്രവർത്തകർ തല്ലിച്ചതയ്ക്കുന്നത് വൻ വിവാദമായതിനിടെ, വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി വാർഡ് മെമ്പർ. പത്തനാപുരം തലവൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ബിജെപി വാർഡ് മെമ്പർ സി.രഞ്ജിത്താണ് മുഖ്യമന്ത്രിയും പരിവാരങ്ങളും കടന്നു പോകുന്ന വഴിയിൽ ശരീരമാസകലം വെള്ളച്ചായം പൂശിയെത്തിയത്.
തനിക്ക് കറുപ്പ് നിറമാണെന്നും രാജാവ് എഴുന്നുള്ളുമ്പോള്‍ ഒരു ബുദ്ധിമുട്ടുണ്ടാവാതിരിക്കാനാണ് കറുപ്പ് നിറത്തെ വെള്ളപൂശി മറച്ചതെന്നും രഞ്ജിത് പരിഹാസ രൂപേണെ പറയുന്നു. നവകേരളയാത്രാ സംഘം എത്തുന്ന കൊട്ടാരക്കര-കിഴക്കേത്തെരുവ് പാതയിലെ, തലവൂര്‍ രണ്ടാലുംമ്മൂട് ജങ്ഷനില്‍ രാവിലെ വെള്ളച്ചായം പൂശി ഇരുമ്പ് കസേരയുമായി നിലയുറപ്പിച്ച രഞ്ജിത്തിനെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നവകേരള സംഘം എത്തും മുന്‍പ് രഞ്ജിത്തിനെ കുന്നിക്കോട് പോലീസ് കരുതല്‍ കസ്റ്റഡിയിലേക്ക് മാറ്റി. ശേഷമാണ് നവകേരള യാത്രാ സംഘം ഇതുവഴി കടന്നുപോയത്. അതേസമയമ്, വേറിട്ട ഒറ്റയാള്‍ സമരങ്ങള്‍ നടത്തുന്ന രഞ്ജിത് മുന്‍സൈനികനും ചിത്രകാരനുമാണ്. വാര്‍ഡിൽ ഉണ്ടാകുന്ന തുടര്‍ച്ചയായ വൈദ്യുതി തടസം മൂലം വൈദ്യുതി ബിൽ നാണയങ്ങളായി കൊണ്ട് വന്നടച്ച് പ്രതിഷേധം നടത്തിയും ഇദ്ദേഹം ശ്രദ്ധയാകർഷിച്ചിരുന്നു.

