ദില്ലി:ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള ബിന്ദു അമ്മിണിയുടെ ഹര്‍ജി സുപ്രീംകോടതി അടുത്ത ആഴ്ച പരിഗണിക്കും. യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധി നടപ്പാക്കണം, പ്രായപരിശോധന തടയണം, ദര്‍ശനം നടത്താന്‍ ഉദ്ദേശിക്കുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണം എന്നിവയാണ് ബിന്ദു അമ്മിണിയുടെ ഹര്‍ജിയിലെ ആവശ്യങ്ങള്‍. സ്ത്രീപ്രവേശന വിധിക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രചാരണം നല്‍കണമെന്നും അപേക്ഷയിലുണ്ട്. ശബരിമല ദര്‍ശനത്തിന് അനുവദിക്കണം എന്നാവശ്യപ്പെട്ട് രഹ്ന ഫാത്തിമയും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
തൃപ്തി ദേശായിക്കും സംഘത്തിനുമൊപ്പം ശബരിമലയ്ക്ക് പോകാനായി കഴിഞ്ഞ ചൊവ്വാഴ്ച കൊച്ചിയിലെത്തിയ ബിന്ദു അമ്മിണി പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ച് പോയിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഘര്‍ഷഭരിതമായ സംഭവങ്ങള്‍ ഉണ്ടായത്. കമ്മീഷണര്‍ ഓഫീസിലെത്തിയത് ബിന്ദു അമ്മിണി ആണെന്നറിഞ്ഞതോടെ പ്രതിഷേധവുമായി ശബരിമല കര്‍മസമിതി പ്രവര്‍ത്തകരും ബിജെപി നേതാക്കളും ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകരുമെത്തി. തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും ബിന്ദു അമ്മിണിയെ തടയുകയും ചെയ്യുകയായിരുന്നു.
സുരക്ഷ തേടി കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ എത്തിയെങ്കിലും ബിജെപി, ആര്‍എസ്എസ് പ്രതിഷേധം മൂലം ബിന്ദു അമ്മിണിക്ക് പുറത്തിറങ്ങാനായില്ല. ഇതിനിടെ ബിന്ദുവിന് നേരെ മുളക് സ്‌പ്രേ ആക്രമണവും നടന്നിരുന്നു. ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ് ശ്രീനാഥാണ് ബിന്ദുവിന് നേരെ ആക്രമണം നടത്തിയത്.

