Saturday, December 27, 2025

ബിനീഷ് കുടുങ്ങും; മയക്കു മരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി ബിനീഷിന് ലക്ഷങ്ങളുടെ ഇടപാട്

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരെ കൂടുതൽ അന്വേഷണം നടത്താൻ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്. ബിനീഷിന്‍റെ റിയൽ എസ്‌റ്റേറ്റ് ബിസിനസ് സംബന്ധിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. ബിസിനസ് സംബന്ധിച്ച രേഖകളും മറ്റ് വിവരങ്ങളും ഹാജരാക്കാനും ബിനീഷിന് ഇഡി നിർദേശം നൽകിയിട്ടുണ്ട്.

ബംഗളൂരു മയക്കു മരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി ബിനീഷിന് ലക്ഷങ്ങളുടെ ഇടപാടാണുള്ളതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ബിനീഷ് തന്നെ ഇക്കാര്യം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. ആറ് ലക്ഷത്തിന്‍റെ ഇടപാടാണ് ഉള്ളതെന്നാണ് ബിനീഷ് പറഞ്ഞിരിക്കുന്നത്. എന്നാൽ അതിൽ കൂടുതൽ തുകയുടെ ഇടപാട് ഇരുവരും തമ്മിൽ ഉണ്ടെന്നാണ് ഇഡിയുടെ നിഗമനം. ബിനീഷ് കോടിയേരിയുടെ ബാങ്ക് അക്കൗണ്ടുകളും
വരുമാന സ്രോതസുകളും പരിശോധിക്കാനും അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബിനീഷിനെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ സ്വപ്നാ സുരേഷിന് യുഎഇ കോൺസുലേറ്റിലെ വീസ സ്റ്റാമ്പിംഗ് സെന്‍ററുകളിൽ നിന്ന് കമ്മീഷൻ ലഭിച്ചതായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. കമ്മീഷൻ നൽകിയ കമ്പനികളിൽ ഒന്നിൽ ബിനീഷിന് മുതൽ മുടക്ക് ഉണ്ടെന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കണ്ടെത്തൽ. ഇക്കാര്യം അന്വേഷിക്കുന്നതിനായാണ് ബിനീഷിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. രാവിലെ ഹാജരായ ബിനീഷിനെ പതിനൊന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അന്വേഷണ സംഘം വിട്ടയച്ചത്.

Related Articles

Latest Articles