മുംബൈ: ബിനോയ് കോടിയേരിയ്ക്ക് (Binoy Kodiyeri Case) ഇന്ന് നിർണ്ണായക ദിനം. ബിനോയ് കോടിയേരിക്കെതിരായ ബലാത്സംഗ കേസ് മുംബൈ ദിൻദോഷി കോടതി ഇന്ന് പരിഗണിക്കും. കേസ് തിങ്കളാഴ്‌ച്ച പരിഗണിച്ചെങ്കിലും ബിനോയ് കോടിയേരി എത്താത്തതിനെ തുടർന്ന് ഇന്നത്തേക്ക് മാറ്റിവയ്‌ക്കുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും തനിക്ക് കുട്ടിയുണ്ടെന്നും കാണിച്ച് യുഎഇ ഡാൻസ് ബാറിലെ ഡാൻസറായ ബിഹാർ സ്വദേശിനിയാണ് പരാതി നൽകിയത്. കുട്ടിയുടെ ഡിഎൻഎ ഫലവും കോടതി ഇന്ന് പരിശോധിക്കും.
പരിശോധനാ ഫലം ഇതുവരെ പുറത്തു വന്നിട്ടില്ല. യുവതിയ്‌ക്കും കുട്ടിയ്‌ക്കും നീതി ലഭിക്കും വരെ പോരാടുമെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ പ്രശാന്ത് പോപ്ലെ പറഞ്ഞു. ബിനോയ് കോടിയേരിക്കെതിരായ ബലാത്സംഗക്കേസ് നിലനിൽക്കുമോ എന്നതിലും ഇന്ന് വ്യക്തത വരും. അതേസമയം വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ബിഹാർ സ്വദേശിനിയുടെ പരാതിയിൽ ഡിഎൻഎ പരിശോധനാ ഫലം പുറത്തുവിടുന്നതിൽ ആശങ്കയില്ലെന്ന് നേരത്തെ ബിനോയ് കോടിയേരി പറഞ്ഞിരുന്നു.
എന്നാൽ തന്റെ മകന്റെ പിതൃത്വത്തെ മുൻനിർത്തിയുള്ള ഡിഎൻഎ ഫലം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടാണ് യുവതി മുംബൈ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സാരംഗ് കോട്ട്‌വാൾ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ബിനോയ് കോടിയേരിക്കൊപ്പമുള്ള കുട്ടിയുടെ ചിത്രമടക്കമുള്ള തെളിവുകൾ യുവതി കോടതിയിൽ സമർപ്പിച്ചിരുന്നു. ഡിഎൻഎ പരിശോധനാ ഫലം മുദ്രവെച്ച കവറിൽ കഴിഞ്ഞ വർഷമാണ് ഹൈക്കോടതിയിൽ സമർപ്പിച്ചത്.

