കോട്ടയം: കോട്ടയം (Kottayam) ജില്ലയിൽ മൂന്നിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. വെച്ചൂർ, അയ്മനം, കല്ലറ എന്നിവിടങ്ങളിൽ നിന്നുള്ള സാമ്പിളുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് ലാബില്‍ അയച്ച സാമ്ബിളുകളുടെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
തുടർ നടപടി സ്വീകരിക്കുന്നതിന് പഞ്ചായത്ത് പ്രസിഡൻ്റുമാരുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം കളക്ട്രേറ്റിൽ നടക്കുകയാണ്. അതേസമയം നേരത്തെ അയച്ച സാമ്പിളുകളുടെ ഫലം ലഭ്യമായിട്ടില്ല. ലാബിൽ നിന്ന് പരിശോധനാ ഫലം കേന്ദ്ര മൃഗ സംരക്ഷണ മന്ത്രാലയ സെക്രട്ടറിക്കാണ് നൽകുക. മന്ത്രാലയത്തിൽ നിന്ന് കേരളത്തിലെ ചീഫ് സെക്രട്ടറി മുഖേനയാണ് മൃഗസംരക്ഷണ വകുപ്പ് ഡയറക്‌ടർ, ജില്ലാ കലക്‌ടർ എന്നിവർക്ക് പരിശോധനയുടെ ഫലം ലഭിക്കുക.

