Saturday, December 13, 2025

ബ്രിട്ടന്റെ അധിനിവേശത്തിനെതിരെ നാടിന്റെ സമരത്തിന് തിരികൊളുത്തിയ വിപ്ലവകാരി; സ്വരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരൻ; ഇന്ന് വേലുത്തമ്പി ദളവയുടെ ജന്മദിനം

കേരള ചരിത്രത്തിൽ എന്നും പോരാട്ടവീര്യത്തിന്റെ പ്രതീകമായിരുന്ന വ്യക്തിത്വമായിരുന്നു വേലുത്തമ്പി ദളവ. പ്രധാനമന്ത്രിക്ക് തത്തുല്യമായ പദവിയായിരുന്നു ദളവ. ആ സ്ഥാനത്തേക്ക് ചുരുങ്ങിയ കാലംകൊണ്ട് ഉയർന്ന ഭരണ നിപുണനായിരുന്നു വേലുത്തമ്പി ദളവ. തലക്കുളത്ത് വേലായുധൻ ചെമ്പകരാമൻ തമ്പി എന്നായിരുന്നു അദ്ദേഹത്തിന്റെ മുഴുവൻ പേര്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അധിനിവേശത്തിനെതിരെ പോരാട്ടത്തിന് തുടക്കം കുറിച്ച ധീരന്മാരിൽ ഒരാളായിരുന്നു വേലുത്തമ്പി ദളവ. ബാലരാമവർമ്മ കുലശേഖര പെരുമാളിന്റെ കാലത്തായിരുന്നു അദ്ദേഹം തിരുവിതാകൂർ ദളവയായിരുന്നത്.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ സന്ധിയില്ലാ സമരം നടത്തിയ ഭരണാധികാരിയായിരുന്നു അദ്ദേഹം. തിരുവിതാംകൂർ നാട്ടുരാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കാനും ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ട് സ്വാതന്ത്ര്യത്തെ ഹനിക്കാനുമുള്ള കമ്പനിയുടെ ശ്രമങ്ങളെ അദ്ദേഹം ശക്തിയുക്തം എതിർത്തിരുന്നു. ബ്രിട്ടീഷുകാർക്കെതിരെ ആദ്യമുണ്ടായ സ്വാതന്ത്ര്യ സമരം എന്ന് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്ന 1857 ലെ ബ്രിട്ടീഷ് വിരുദ്ധ സമരത്തിന് അര നൂറ്റാണ്ടുമുന്നേ കുണ്ടറ വിളംബരം എന്ന സമര പ്രഖ്യാപനം നടത്തിയത് വേലുത്തമ്പി ദളവ ആയിരുന്നു.

1805-ൽ തിരുവിതാംകൂറിലെ രാജാവുമായി ബ്രിട്ടീഷുകാർ ഒരു സൗഹാർദ്ദ ഉടമ്പടി ഒപ്പുവെച്ചു. ഇതുപ്രകാരം രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനുള്ള അധികാരം റസിഡന്റിനു ലഭിച്ചു. ഇതോടെ തിരുവിതാംകൂറിന് അതിന്റെ രാഷ്‌ട്രീയ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. തിരുവിതാംകൂറിന്റെ സാമ്പത്തിക വിഷമതകൾ കണക്കിലെടുക്കാതെ കമ്പനി ഉടൻ കപ്പം അടച്ചുതീർക്കണമെന്ന് വാശിപിടിച്ചു. ഭാരിച്ച നികുതി കുടിശ്ശിക വരുത്തിവെച്ച മാത്തുതരകന്റെ വസ്തുക്കൾ കണ്ടുകെട്ടാനുള്ള വേലുത്തമ്പി ദളവയുടെ ഉത്തരവ് മെക്കാളെ റദ്ദാക്കി ഈ സംഭവങ്ങൾ കമ്പനിക്കെതിരെ സായുധ കലാപം സംഘടിപ്പിക്കാൻ വേലു തമ്പിയെ പ്രേരിപ്പിച്ചത്.

മെക്കാളെയുമായി ശത്രുത വെച്ചുപുലർത്തിയിരുന്ന കൊച്ചിയിലെ പ്രധാനമന്ത്രിയായ പാലിയത്തച്ചനുമായി വേലുത്തമ്പി ദളവ ഒരു രഹസ്യധാരണയിലെത്തി. മൗറീഷ്യസിലെ ഫ്രഞ്ചുകാരുമായും കോഴിക്കോട്ടെ സാമൂതിരിയുമായും അവർ രഹസ്യമായി ബന്ധപ്പെടുകയും ബ്രിട്ടീഷുകാർക്കെതിരായുള്ള പോരാട്ടത്തിൽ പിന്തുണയഭ്യർത്ഥിക്കുകയും ചെയ്തു. 1808 ൽ ഇരുവരുടെയും നേതൃത്വത്തിലുള്ള സൈന്യം മെക്കാളെയുടെ കൊച്ചിയിലുള്ള വസതി ആക്രമിച്ചു. എന്നാൽ റസിഡന്റ് ഒരു ബ്രിട്ടീഷ് കപ്പലിൽ രക്ഷപ്പെട്ടു. കലാപം നടന്നുകൊണ്ടിരിക്കെ വേലുത്തമ്പി കുണ്ടറയിലെത്തി. ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിൽ അണിനിരക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഒരു വിളംബരം 1809 ജനുവരി 11 ന് അദ്ദേഹം പുറത്തിറക്കി. ഇതാണ് കുണ്ടറ വിളംബരം എന്ന് പ്രസിദ്ധി നേടിയത്. ബ്രിട്ടൺ ഇന്ത്യൻ പ്രതിരോധത്തിന്റെ ചൂടറിഞ്ഞത് ഇവിടെനിന്നാണ്.

പക്ഷെ ഈ പോരാട്ടത്തെ അവർ ശക്തമായി തന്നെ അടിച്ചമർത്തി. വേലുത്തമ്പിയെ സ്ഥാനഭ്രഷ്ടനാക്കുന്നതിൽ പിന്നീട് അവർ വിജയിച്ചു. നാട്ടിലെ ബ്രിട്ടീഷ് ദാസന്മാർ ആ രാജ്യസ്നേഹിയെ ഒറ്റികൊടുത്തു. മണ്ണടിയിലെ ഇളമ്പള്ളൂർ ക്ഷേത്രത്തിൽ അഭയം പ്രാപിച്ചെങ്കിലും സൈന്യം അവിടം വളഞ്ഞപ്പോൾ ജീവനോടെ പിടികൊടുത്ത് അപമാനിതനാകാൻ ആഗ്രഹിക്കാത്ത അദ്ദേഹം സ്വയം മരണം വരിച്ചു.

Related Articles

Latest Articles