Sunday, January 11, 2026

ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി: കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനമൊഴിയണമെന്ന് ബിജെപി

തൃശൂര്‍: മകനെതിരേ ലൈംഗികാരോപണം ഉന്നയിച്ചു ബിഹാറി യുവതി പരസ്യമായി രംഗത്തുവന്ന സാഹചര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനമൊഴിയണമെന്ന് ബിജെപി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍.

കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. എങ്കില്‍ കോടിയേരിയും കേസില്‍ പ്രതിയാകേണ്ടതാണ്. എന്നാല്‍ ഇരയ്ക്ക് നീതി നിഷേധിക്കാന്‍ കേരള പോലീസ് യുവതിക്ക് എതിരേ കേസ് എടുക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇങ്ങനെ കേസ് എടുക്കാന്‍ മുഖ്യമന്ത്രി അനുമതി നല്‍കിയോ എന്നു വ്യക്തമാക്കണം. സിപിഎം നേതാവ് ബൃന്ദ കാരാട്ട് ഇരയെ കുറിച്ച് ഒന്നും പറയാതെ വിശദീകരണം നടത്തിയത് ലജ്ജാകരമാണ്.

യുവതിയുടെ സംരക്ഷണം ഏറ്റെടുക്കണമെന്ന് ബിജെപി മഹാരാഷ്ട്ര പോലീസിനോട് ആവശ്യപ്പെട്ടു. അവര്‍ക്ക് നിയമസഹായവും നല്‍കും. മഹാരാഷ്ട്രയിലെ അന്വേഷണം സമഗ്രമായി നടക്കുമെന്ന് ഉറപ്പുവരുത്താന്‍ ഇടപെടും.

കോടിയേരിയും മുഖ്യമന്ത്രിയും വി.എസും ഇക്കാര്യത്തില്‍ നിലപാടു വിശദീകരിക്കണം. സ്ത്രീകളോടുള്ള സമീപനത്തില്‍ പീഡകര്‍ക്ക് ഒപ്പമാണ് സിപിഎം എന്നു വീണ്ടും തെളിഞ്ഞു. പി കെ ശശിയുടെ കാര്യത്തിലും ഇതാണുണ്ടായത്.

ഇതും ഒറ്റപ്പെട്ട സംഭവമെന്നു പറഞ്ഞ് മുഖ്യമന്ത്രി ന്യായീകരിക്കുമോ? നവോത്ഥാനം എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും ഇവര്‍ക്ക് അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles