Saturday, October 10, 2026

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം നവംബറില്‍ തുടങ്ങുമെന്ന് ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി

ഉത്തര്‍പ്രദേശ്: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം നവംബറില്‍ ആരംഭിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. രാമജന്മഭൂമിയില്‍ ക്ഷേത്രനിര്‍മ്മാണത്തിനായി സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിക്കുമെന്നാണ് കരുതുന്നതെന്നും സുബ്രഹ്മണ്യന്‍ സ്വാമി പ്രത്യാശ പ്രകടിപ്പിച്ചു.

അയോധ്യ കേസില്‍ മുസ്‌ലിങ്ങളുടെ സ്വത്തവകാശത്തേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് ഹിന്ദുക്കളുടെ മൗലിക അവകാശങ്ങള്‍ക്കാണ്. തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കണം. ബാബരി ഭൂമി തര്‍ക്കവും രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ മൗലികാവകാശങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കികൊണ്ടാകണം വിധി പ്രഖ്യാപനം നടത്തേണ്ടതെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.

ആരാധനയ്ക്കുള്ള സ്വാതന്ത്ര്യം മൗലികാവകാശമാണ്. അത് ആര്‍ക്കും നിഷേധിക്കാനാവില്ല. രാമജന്മഭൂമിയില്‍ തന്നെയാണ് ക്ഷേത്രം നിര്‍മ്മിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യാ സന്ദര്‍ശനത്തിനിടെയായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി എം.പിയുടെ വാക്കുകള്‍. തന്‍റെ ജന്മദിനം അയോധ്യയില്‍ ആഘോഷിക്കുന്നതിന് കൂടി വേണ്ടിയാണ് സുബ്രഹ്മണ്യന്‍ സ്വാമി എത്തിയത്.

മോദി സര്‍ക്കാര്‍ അയോധ്യയില്‍ വേഗത്തില്‍ രാമക്ഷേത്രനിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന് എന്‍.ഡി.എ സഖ്യകക്ഷിയായ ശിവസേനയുടെ നേതാവ് ഉദ്ദവ് താക്കറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Related Articles

Latest Articles