Saturday, December 20, 2025

“മാത്യു കുഴൽനാടൻ അത്ര വലിയ ഹരിശ്ചന്ദ്രനൊന്നുമല്ല! കുഴൽനാടനെതിരെ അന്വേഷണം നടത്തുന്നതിന് മുൻപ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ ഉയർന്ന ചാരിറ്റി ആരോപണത്തിൽ വിശദമായ അന്വേഷണം നടത്തണം” ആവശ്യവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

കോട്ടയം : മാത്യു കുഴൽനാടനെതിരായ ആരോപണങ്ങളിൽ അന്വേഷണം നടത്തുന്നതിന് മുൻപ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ ഉയർന്ന ചാരിറ്റി ആരോപണത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത് വന്നു. ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും ഇക്കാര്യത്തിൽ അന്വേഷണം നടത്താത്തത് ദുരൂഹമാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. കെ.എം.ഷാജിക്കെതിരെയും കെ.സുധാകരനെതിരെയും ഇപ്പോൾ മാത്യു കുഴൽനാടനെതിരെയും കേസെടുത്തപ്പോൾ എന്തുകൊണ്ടാണ് സതീശൻ മാത്രം ഇക്കാര്യത്തിൽ വ്യത്യസ്തനാകുന്നുവെന്ന് കെ.സുരേന്ദ്രൻ ചോദിച്ചു

‘‘മാത്യു കുഴൽനാടൻ അത്ര വലിയ ഹരിശ്ചന്ദ്രനൊന്നുമല്ല. മാത്യു കുഴൽനാടന്റെ ഇടപാടും അന്വേഷിക്കണം. കുഴൽനാടൻ മാത്രമല്ല, ചിന്നക്കനാലും മൂന്നാറും ഉൾപ്പെടെ ഇടുക്കി ജില്ലയിലാകെ എത്ര റിസോർട്ടുകൾ പ്രവർത്തിക്കുന്നുണ്ട്? പാർട്ടി ഓഫിസുകൾ പോലും റിസോർട്ടുകളാക്കുകയല്ലേ? താഴെ പാർട്ടിയുടെ കൊടിയും മാർക്സ്, ഏംഗൽസ്, നെഹ്റു, ഇന്ദിര ഗാന്ധി തുടങ്ങിയവരുടെ പടം. മുകളിലൊക്കെ ടൂറിസ്റ്റ് ഹോമാണ്. ഇയാൾ വീടിന്റെ പേരിലാണ് റിസോർട്ട് നടത്തിയത്. എല്ലാം ശരിയായിത്തന്നെ അന്വേഷിക്കണം.’

ഈ സതീശന്റെ ഇടപാടുകൾ എന്താണ് അന്വേഷിക്കാത്തത്? എനിക്ക് അതാണ് അദ്ഭുതം. മാത്യു കുഴൽനാടന്റേത് സതീശനുമായി തട്ടിച്ചു നോക്കുമ്പോൾ താരതമ്യേന ചെറിയ കുറ്റമാണ്. സതീശൻ വിദേശത്തു പോയി ചാരിറ്റി പ്രവർത്തനത്തിന്റെ പേരിൽ ഇവിടേക്കു പണം കൊണ്ടുവന്ന് ദുരുപയോഗം ചെയ്ത കേസാണ്. അതെന്താണ് അന്വേഷിക്കാത്തത്? മാത്യു കുഴൽനാടൻ നിയമസഭയിൽ ചില വിഷയങ്ങൾ ഒറ്റയ്ക്ക് ഉന്നയിച്ചു എന്നതിന്റെ പേരിൽ അന്വേഷിച്ചാൽ പോരാ. മാത്യു കുഴൽനാടൻ അത്ര ഹരിശ്ചന്ദ്രനൊന്നുമല്ല. അയാളുടെ കേസും അന്വേഷിക്കണം.

പക്ഷേ, സതീശനെ എന്താണ് ചോദ്യം ചെയ്യാത്തത്? എത്ര തവണയാണ് എന്നെ പൊലീസ് വിളിച്ച് ചോദ്യം ചെയ്തത്. എത്ര തെളിവെടുപ്പുകളാണ് എന്റെ പേരിൽ നടത്തിയത്. എല്ലാ ദിവസവും പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചുകൊണ്ടു പോകുകയാണ്. എന്റെ ശബ്ദം പരിശോധിക്കുക, എല്ലാ കേസിലും ചാർജ് ഷീറ്റ് കൊടുക്കുക. എന്തുകൊണ്ടാണ് സതീശനു മാത്രം ഇത്ര ആനുകൂല്യം?’

സതീശൻ ചെയ്ത കുറ്റം തെറ്റല്ല എന്ന് മുഖ്യമന്ത്രിയും ഇടതുമുന്നണിയും പറയട്ടെ. മാത്യു കുഴൽനാടന്റെ കേസിനു മുൻപ് സതീശന്റെ കേസാണ് ഉയർന്നുവന്നത്. ആദ്യം സതീശന്റെ പേരിൽ കേസെടുക്കട്ടെ എന്നാണ് എനിക്കു പറയാനുള്ളത്.’

സതീശന്റെ കാര്യത്തിൽ അന്വേഷണ സംഘം ഇതുവരെ എന്താണ് ചെയ്തത്? അദ്ദേഹത്തെ ചോദ്യം ചെയ്തോ? അദ്ദേഹത്തിന്റെ പേരിൽ എഫ്ഐആർ ഇട്ടോ? സതീശന്റെ രേഖകൾ പരിശോധിച്ചോ? സതീശൻ ഏതൊക്കെ കമ്പനികളിൽ നിന്ന് പണം കൊണ്ടുവന്നു, അത് എങ്ങനെ ചെലവഴിച്ചു എന്നതെല്ലാം അന്വേഷിച്ചോ? കെ.എം.ഷാജിക്കെതിരെ കേസെടുക്കുന്നു, കെ.സുധാകരനെതിരെ പോലും കേസെടുക്കുന്നു, ഇപ്പോൾ മാത്യു കുഴൽനാടനെതിരെ കേസെടുക്കുന്നു. എന്തുകൊണ്ടാണ് സതീശൻ മാത്രം ഇക്കാര്യത്തിൽ വ്യത്യസ്തനാകുന്നു?’ –കെ. സുരേന്ദ്രൻ പറഞ്ഞു.

Related Articles

Latest Articles