Friday, December 12, 2025

നരേന്ദ്ര മോദിക്കു പിന്തുണയുമായി‌ കേരളത്തിൽനിന്ന് എംപിമാർ ഉണ്ടാകും: കെ. സുരേന്ദ്രൻ

തിരുവനന്തപുരം∙ നരേന്ദ്രമോദിയെ പിന്തുണയ്ക്കാൻ ഇത്തവണ കേരളത്തിൽ നിന്ന് എംപിമാർ ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. ബിജെപിയുടെ തെക്കൻ മേഖലാ പരിവർത്തന യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശശി തരൂർ സ്വന്തം കഴിവു കൊണ്ടു നടപ്പിലാക്കിയ ഒരു പദ്ധതി ചൂണ്ടിക്കാട്ടാനാവുമോയെന്നു സുരേന്ദ്രൻ ചോദിച്ചു. കഴിഞ്ഞ തവണ പേയ്മെന്റ് സീറ്റിന്റെ പേരിൽ നടപടി നേരിട്ടയാളെ മത്സരിപ്പിക്കുന്നത് ഇടതു മുന്നണിക്കു കോൺഗ്രസുമായി വോട്ടു കച്ചവടം നടത്താനാണ്. മോദിയുടെ പദ്ധതികൾ ഫ്ലെക്‌സ് അടിച്ചു വയ്ക്കുന്ന ഫൊട്ടോഷോപ്പ് എംപിമാരാണ് ഇന്നു സംസ്ഥാനത്തുള്ളത്.

കുമ്മനം സ്ഥാനാർഥിയാകുമെന്ന് അറിഞ്ഞപ്പോൾ തന്നെ എതിർചേരിയിലുള്ളവർക്കു വെപ്രാളം തുടങ്ങിയെന്ന് ഒ. രാജഗോപാൽ എംഎൽഎ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് അധ്യക്ഷത വഹിച്ചു. നേതാക്കളായ സി. ശിവൻകുട്ടി, പി. അശോക് കുമാർ, പി.പി. വാവ, ജെ.ആർ. പദ്മകുമാർ, പി. സുധീർ, പുഞ്ചക്കരി സുരേന്ദ്രൻ, പാപ്പനംകോട് സജി, എം.ആർ. ഗോപൻ, കരമന ജയൻ, രഞ്ജിത് ചന്ദ്രൻ, അനുരാജ് തുടങ്ങിയവർ പ്രസംഗിച്ചു.

കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ കൊടുങ്ങൂരിൽ നിന്നാരംഭിച്ച പരിവർത്തന യാത്രയാണു ഇന്നലെ സമാപിച്ചത്. ജില്ലാ കവാടമായ പാരിപ്പള്ളിയിൽ പ്രസിഡന്റ് എസ്. സുരേഷ് ജാഥയെ സ്വീകരിച്ചു. ആറ്റിങ്ങൽ, ചിറയിൻകീഴ്, വാമനപുരം, നെടുമങ്ങാട്, അരുവിക്കര, പാറശാല എന്നിവിടങ്ങൾ കടന്നാണു ജാഥ സമാപിച്ചത്.

Related Articles

Latest Articles