കോഴിക്കോട് : കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന കോഴിക്കോട് മീഞ്ചന്ത ആർട്ട്സ് കോളേജിലെ പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്. കറുത്ത വസ്ത്രം ഒഴിവാക്കാനാണ് കോളജ് അധികൃതരുടെ നിർദേശം. കറുത്ത വസ്ത്രവും മാസ്കും ധരിച്ചുകൊണ്ട് പരിപാടിക്ക് വരരുതെന്നാണ് കോളേജ് പ്രിൻസിപ്പൾ വിദ്യാർത്ഥികൾക്ക് നൽകിയ നിർദേശം. തിരിച്ചറിയൽ കാർഡ് ഉള്ളവരെ മാത്രമേ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കായി കോളേജിനുള്ളിലേക്ക് കടത്തിവിടുകയുള്ളു എന്നും കോളജ് അധികൃതർ അറിയിച്ചു.
കോഴിക്കോട് മീഞ്ചന്ത ആർട്ട്സ് കോളേജ് പ്രിൻസിപ്പലാണ് വാക്കാൽ നിർദേശം നൽകിയതെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.എന്നാൽ കറുത്ത വസ്ത്രവുമായി ബന്ധപ്പെട്ട് യാതൊരു നിർദ്ദേശവും പോലീസ് നൽകിയിട്ടില്ലെന്നാണ് ഉന്നത പോലീസ് വ്യത്തങ്ങൾ വ്യക്തമാക്കിയത്.

