ദില്ലി : വിമാനങ്ങൾക്കും ട്രെയിനുകൾക്കും പിന്നാലെ രാജ്യത്തെ സ്റ്റാർ ഹോട്ടലുകൾക്കും ബോംബ് ഭീഷണി സന്ദേശം. കൊൽക്കത്ത, ആന്ധ്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലായി 24 ഹോട്ടലുകൾക്ക് ഭീഷണി സന്ദേശം ലഭിച്ചു. സ്റ്റാർ ഹോട്ടലുകൾ ഉൾപ്പെടെ തകർക്കുമെന്ന മുന്നറിയിപ്പ് സന്ദേശത്തിൽ വ്യക്തമാകുന്നു.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ കാറിലും സ്ഫോടകവസ്തു വെയ്ക്കുമെന്ന ആശങ്കയും ഉണ്ടായിട്ടുണ്ട്. “അഫ്സൽ ഗുരു പുനർജനിക്കുന്നു” എന്ന പരാമർശവും സന്ദേശത്തിൽ ഉൾപ്പെട്ടിരുന്നു. മൂന്ന് സംസ്ഥാനങ്ങളിലും പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊൽക്കത്തയിലെ പത്ത് ഹോട്ടലുകൾക്ക് ഇന്നലെ ഭീഷണി സന്ദേശം ലഭിചിരുന്നു. ഇതേ ദിവസം തന്നെയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാന സന്ദർശനം നടത്തുവാൻ തീരുമാനിച്ചിരുന്നത്.
വ്യാജ ഐഡിയിൽ നിന്നാണ് ഈ ഭീഷണികൾ വരുന്നത്. കറുത്ത ബാഗിൽ ബോംബ് വച്ചിരിക്കുന്നുവെന്നായിരുന്നു സന്ദേശത്തിലെ സൂചന. തിരുപ്പതിയിലെ മൂന്ന് ഹോട്ടലുകൾക്കും രാജ്കോട്ടിലെ പത്തു ഹോട്ടലുകൾക്കും സമാന ഭീഷണി സന്ദേശം ലഭിച്ചെങ്കിലും പരിശോധനയിൽ ദുരൂഹമായ ഒന്നും കണ്ടെത്താനായിട്ടില്ല

