Thursday, May 2, 2024
spot_img

ശബ്‌ദതാരാവലിയുടെ സൃഷ്ടാവിന് ആദരവോടെ ജീവചരിത്ര ഗ്രന്ഥം; കവി എൻ എസ് സുമേഷ് കൃഷ്ണൻ രചിച്ച ശ്രീകണ്ഠേശ്വരം ജി പത്മനാഭപിള്ളയുടെ ജീവചരിത്രം പ്രകാശനം ചെയ്‌തു; ജോർജ് ഓണക്കൂർ പ്രകാശനം നിർവ്വഹിച്ച പുസ്തകം ഏറ്റുവാങ്ങിയത് മധുസൂദനൻനായർ

തിരുവനന്തപുരം:മലയാളഭാഷാ നിഘണ്ടുക്കളിൽ ഏറ്റവും ആധികാരിക നിഘണ്ടുവായ ശബ്ദതാരാവലിയുടെ കർത്താവ് ശ്രീകണ്ഠേശ്വരം ജി പത്മനാഭ പിള്ളയുടെ ജീവചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്‌തു. മലയാള ഭാഷയുടെ വളർച്ചയ്ക്ക് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ശ്രീകണ്ഠേശ്വരം പത്മനാഭ പിള്ളയെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന ബാലസാഹിത്യ പുസ്തകമാണ് കവി എൻ എസ് സുമേഷ് കൃഷ്ണൻ രചിച്ച ‘ശ്രീകണ്ഠേശ്വരം ജി പത്മനാഭ പിള്ള’. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ ജോർജ് ഓണക്കൂർ പുസ്തകം പ്രകാശനം ചെയ്‌തു. കവി മധുസൂദനൻ നായർ ആദ്യ പ്രതി ഏറ്റുവാങ്ങി. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടാണ് പുസ്തകത്തിന്റെ പ്രസാധകർ. നീണ്ട 34 വർഷമെടുത്താണ് ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള ശബ്ദതാരാവലി പൂർത്തിയാക്കിയത്. രണ്ടായിരത്തിലധികം താളുകളിലായി മലയാള ഭാഷയിലെ ഒട്ടുമിക്ക വാക്കുകളും അവയുടെ അർത്ഥവും ശബ്ദതാരാവലിയിലുണ്ട്. 60000 ത്തോളം വാക്കുകൾ ശേഖരിച്ച് ഏറെ ശ്രമകരമായ പ്രവർത്തനങ്ങളിലൂടെയാണ് ശബ്ദതാരാവലി രുപം കൊണ്ടത്.

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ സാഹിത്യകാരൻ ജോർജ് ഓണക്കൂറിനും കവി മധുസൂദനൻ നായർക്കും പുറമെ ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടറും കവിയുമായ ശ്രീകുമാർ മുഖത്തല, നെയ്യാറ്റിൻകര രചന ഭാഷാ പഠന കേന്ദ്രം പ്രിൻസിപ്പൽ എൻ വേലപ്പൻ നായർ, കവി വിനോദ് വൈശാഖി, സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. കുരുന്നുകൾക്ക് പദസമ്പത്തിലേക്കുള്ള വാതായനമാണ് പുസ്തകമെന്ന് കവി മധുസൂദനൻ നായർ അഭിപ്രായപ്പെട്ടു. കവിയും ചിത്രകാരനുമായ മണികണ്ഠൻ മണലൂർ സ്വാഗതവും ഗ്രന്ഥകർത്താവ് എൻ എസ് സുമേഷ് കൃഷ്ണൻ മറുമൊഴിയും പറഞ്ഞു.

കവിതാ സമാഹാരങ്ങളടക്കം നിരവധി പുസ്തകങ്ങളുടെ രചയിതാവാണ് കവിയും അദ്ധ്യാപകനുമായ എൻ എസ് സുമേഷ് കൃഷ്ണൻ. പ്രഥമ ഒ എൻ വി യുവപ്രതിഭാ പുരസ്‌കാരം, വൈലോപ്പിള്ളി സ്‌മാരക കവിതാ പുരസ്കാരം, ഭാരതീയ ഭാഷാ പരിഷത്ത് യുവ പുരസ്‌കാരം, തുടങ്ങി പതിനഞ്ചോളം പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

Related Articles

Latest Articles