Sunday, May 19, 2024
spot_img

18 വയസിന് മുകളിലുള്ളവര്‍ക്ക് ഇന്നു മുതല്‍ ബൂസ്റ്റര്‍ ഡോസ് വാക്സിൻ; വില കുത്തനെ കുറച്ചു

ദില്ലി: പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവർക്കും കൊവിഡ് വാക്സിന്റെ കരുതൽ ഡോസ് ഇന്ന് മുതൽ സ്വീകരിക്കാം. രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത് മാസം തികഞ്ഞവര്‍ക്ക് മാത്രമാണ് ബൂസ്റ്റര്‍ ഡോസ് എടുക്കാനാകുക. നേരത്തെ സ്വീകരിച്ച അതേ വാക്സീൻ തന്നെ കരുതൽ ഡോസായി എടുക്കണം. എന്നാൽ കരുതൽ ഡോസിനായി കോവിൻ ആപ്പിൽ രജിസ്റ്റർ ചെയേണ്ടതില്ല.

അതേസമയം മുൻഗണന പട്ടികയിലുള്ളവർ ഒഴികെ എല്ലാവർക്കും സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾ വഴിയാണ് കരുതൽ ഡോസ് വിതരണം. അറുപതു വയസ്സിന് മുകളിലുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്ന് കരുതല്‍ ഡോസ് തുടര്‍ന്നും സൗജന്യമായി ലഭിക്കുക. കരുതല്‍ ഡോസെടുക്കാതെ ചില രാജ്യങ്ങളിലേക്ക് യാത്രാവിലക്കുള്ള സാഹചര്യത്തിലാണ് 18 വയസ്സുതികഞ്ഞ മുഴുവന്‍ പേര്‍ക്കും മൂന്നാം ഡോസ് നല്‍കുന്നത്.

കൊവാക്സിൻ, കൊവിഷീൽഡ് ഡോസുകൾക്ക് 225 രൂപയാണ് ഈടാക്കുക. മാത്രമല്ല സര്‍വീസ് ചാര്‍ജായി പരമാവധി 150 രൂപയെ ഈടാക്കാന്‍ പാടുള്ളൂ എന്ന് സര്‍ക്കാര്‍ വിതരണ കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 18 വയസ് പിന്നിട്ട് എല്ലാ ഇന്ത്യൻ പൗരൻമാർക്കും കൊവിഡ് ബൂസ്റ്റ‍ർ ഷോട്ടുകൾ നൽകാനുള്ള കേന്ദ്രസ‍ർക്കാർ പ്രഖ്യാപനത്തിന് പിന്നാലെയാണ് വാക്‌സീനുകളുടെ വില കുത്തനെ കുറയ്ക്കാന്‍ ഭാരത് ബയോടെക്കും പൂണെ സെറം ഇന്‍സ്റ്റിറ്റിയൂട്ടും തീരുമാനിച്ചത്.

നേരത്തെ കോവീഷില്‍ഡ് 600 രൂപയ്ക്കും കൊവാക്‌സീന്‍ 1200 രൂപയ്ക്കുമാണ് സ്വകാര്യ ആശുപത്രികള്‍ക്ക് വിതരണം ചെയ്തിരുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് വാക്സീൻ്റെ വില കുറയ്ക്കാനുള്ള ഇരുകമ്പനികളുടേയും തീരുമാനം. ഇതുപ്രകാരം വാക്സീൻ്റെ വിലയും ആശുപത്രികളുടെ സർവ്വീസ് ചാർജും നികുതിയും കഴിച്ച് അഞ്ഞൂറ് രൂപയ്ക്ക് താഴെ നിരക്കില്‍ ഇനി വാക്‌സീന്‍ വിതരണം സാധ്യമായേക്കും.

Related Articles

Latest Articles