പാലക്കാട്: ധോണി വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെയാണ് തിരച്ചിൽ നടത്തിയത്. പത്തംഗ സംഘത്തിനൊപ്പം ധോണിയിലെത്തിയ അജിൻ എന്ന വിദ്യാർത്ഥിയെ ഇന്നലെ വെള്ളച്ചാട്ടത്തിൽ വീണ് കാണാതാവുകയായിരുന്നു. ചൂലന്നൂർ മണ്ണാരപ്പറ്റ വീട്ടിൽ ഇലക്ട്രീഷനായ സുരേഷിന്റെ മൂത്ത മകനാണ് മരിച്ച അജിൻ.
ട്രക്കിങ്ങിനിടെ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഉച്ചയോടെയാണ് സംഘം ധോണി വെള്ളച്ചാട്ടത്തിന് സമീപം എത്തിയത്. അജിനും സുഹൃത്തായ മറ്റൊരു യുവാവും വെള്ളച്ചാട്ടത്തിന്റെ മുകൾ ഭാഗത്തേക്ക് കയറിപ്പോവുകയും അവിടെ നിന്നും അജിൻ വെള്ളച്ചാട്ടത്തിലേക്ക് വീഴുകയുമായിരുന്നു.
കോട്ടായി സർക്കാർ എച്ച്എസ്എസിൽ പ്ലസ് ടു പരീക്ഷയെഴുതി ഫലത്തിനായി കാത്തിരിക്കുകയായിരുന്നു. അപകടമുണ്ടായ ഇന്നലെ പോലീസും വനംവകുപ്പും ഫയർഫോഴ്‌സും തിരച്ചിൽ നടത്തിയെങ്കിലും അജിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് ഇന്ന് മുങ്ങൽ വിദഗ്ധരെത്തി തിരച്ചിൽ നടത്തിയത്.

