Wednesday, January 7, 2026

ബ്രിട്ടീഷു കാലത്തെ ഐപിസിയും സിആര്‍പിസിയും ഇനിയില്ല, പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ : നിയമമന്ത്രി അര്‍ജുന്‍ റാം മേഖ്വാള്‍

ഇന്ത്യന്‍ പീനല്‍ കോഡ് 1860, ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് 1872, ക്രിമിനല്‍ നടപടി ചട്ടം 1973 എന്നിവയ്ക്ക് പകരമുള്ള പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഖ്വാള്‍ വ്യക്തമാക്കുന്നു. ഭാരതീയ ന്യായ് സന്‍ഹിത,ഭാരതീയ സുരക്ഷാ സന്‍ഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നീ നിയമങ്ങളാണ് പുതിയതായി പ്രാബല്യത്തില്‍ വരുക.

ബ്രിട്ടീഷ് ഭരണകാലംമുതല്‍ നിലവിലുള്ള ഐപിസി,സിആര്‍പിസി,ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവ മാറിയാണ് പുതിയ നിയമങ്ങള്‍ വരുന്നതെന്ന് മന്ത്രി പറഞ്ഞു. നിയമ കമ്മീഷന്റെ റിപ്പോര്‍ട്ടുകളുടെയും വിശദമായ പഠനത്തിന്റെയും ഒക്കെ അടിസ്ഥാനത്തിലാണ് നിമയങ്ങള്‍ മാറ്റുന്നത് . പുതിയ നിയമങ്ങളെക്കുറിച്ച് ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് & ഡെവലപ്മെന്റ് എല്ലാം സംസ്ഥാനങ്ങളിലും പരീശീലനം നല്‍കാനും പദ്ധതിയുണ്ട്. നിയമസര്‍വകലാശാലകളിലും ജൂഡിഷ്യല്‍ അക്കാദമികളിലും ഇതിനുളള പരീശീലനസൗകര്യങ്ങള്‍ ഒരുക്കും.

എന്നാല്‍, ജൂലൈ ഒന്നിനു മുന്‍പ് റജിസ്റ്റര്‍ ചെയ്യുന്ന കേസുകളിലെ നടപടികള്‍ നിലവിലെ വ്യവസ്ഥയനുസരിച്ചു തുടരും. ഐപിസിക്കു പകരമുള്ള ‘ഭാരതീയ ന്യായ സംഹിത’യില്‍ അപകടമരണവുമായി ബന്ധപ്പെട്ട് 106 (2) വകുപ്പു മാത്രം ജൂലൈ ഒന്നിനു പ്രാബല്യത്തില്‍ വരില്ല. വാഹനാപകടത്തെത്തുടര്‍ന്ന് ഡ്രൈവര്‍ കടന്നുകളയുകയും അപകടത്തില്‍പെട്ടയാള്‍ മരിക്കുകയും ചെയ്താല്‍ ഡ്രൈവര്‍ക്ക് 10 വര്‍ഷം വരെ തടവുശിക്ഷ നല്‍കുന്ന വകുപ്പാണിത്. ഐപിസിയില്‍ ഇത് 2 വര്‍ഷമായിരുന്നു. ശിക്ഷ കടുപ്പിക്കുന്നതിനെതിരെ ട്രക്ക് ഡ്രൈവര്‍മാര്‍ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്ന് ഓള്‍ ഇന്ത്യ മോട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസുമായി കൂടിയാലോചന നടത്തിയശേഷമേ ഇതു നടപ്പാക്കൂ എന്നാണ് കേന്ദ്രം ഉറപ്പുനല്‍കിയിരിക്കുന്നത്.

2022 ഓഗസ്റ്റ് 11-ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ആദ്യ ബില്ലുകള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നു. കമ്മിറ്റി നവംബര്‍ പത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ ഡിസംബര്‍ 11-ന് ബില്ലുകള്‍ പിന്‍വലിച്ചു. പിന്നീട് ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ച പുതിയ ബില്ലുകളായിരുന്നു സഭകള്‍ പാസാക്കിയത്. 2023 ഡിസംബര്‍ 25-ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കിയതോടെ ബില്ലുകള്‍ നിയമങ്ങളായി മാറി.

Related Articles

Latest Articles