പനാജി: ഭർത്താവിനൊപ്പം വിനോദസഞ്ചാരത്തിനെത്തിയ വിദേശ വനിത ക്രൂര ബലാത്സംഗത്തിനിരയായി. ഗോവയിൽ വച്ചാണ് ഇവർ ബലാത്സംഗത്തിനിരയായത്. നോർത്ത് ഗോവയിലെ അരംബോൾ ബീച്ചിന് സമീപമുള്ള പ്രശസ്തമായ സ്വീറ്റ് ലേക്ക് സന്ദർശിക്കാൻ ഭർത്താവിനൊപ്പമെത്തിയ ബ്രിട്ടീഷ് യുവതിക്കാണ് ക്രൂരമായ അനുഭവമുണ്ടായത്.
സംഭവത്തിൽ പ്രതിയായ 32 കാരനെ ഗോവ പോലീസ് അറസ്റ്റ് ചെയ്തു. ജൂൺ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബീച്ചിൽ വിശ്രമിക്കുകയായിരുന്ന മധ്യവയസ്‌കയായ ബ്രിട്ടീഷ് യുവതിയെ പ്രതിയായ ജോയൽ വിൻസെന്റ് ഡിസൂസ ആക്രമിച്ച് കീഴടക്കി ബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സംഭവത്തിന് ശേഷം യുവതി തിങ്കളാഴ്ചയാണ് പോലീസിൽ പരാതി നൽകിയത്. നിലവിൽ കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

