രാജസ്ഥാനിലെ ഉദയ്പുരിനടുത്തുള്ള മധുബനില്‍ സഹപാഠിയെ കുത്തി പരിക്കേൽപ്പിച്ച പ്രതിയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് നീക്കി ഉദയ്പുര്‍ ജില്ലാ ഭരണകൂടം. പരിശോധനകളിൽ വീട് അനധികൃതമായി നിർമ്മിച്ചതാണെന്ന് കണ്ടെത്തിയതോടെയാണ് ജില്ലാഭരണകൂടം നടപടി സ്വീകരിച്ചത്. കടുത്ത പോലീസ് കാവലിലായിരുന്നു വീട് ഇടിച്ചു തകര്‍ത്തത്.
പത്താം ക്ലാസുകാരന് കുത്തേറ്റതിന് പിന്നാലെ പ്രദേശത്ത് സംഘര്‍ഷം രൂപപ്പെട്ടിരുന്നു. കുത്തേറ്റ വിദ്യാര്‍ഥി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. എന്നാൽ കുട്ടി മരിച്ചുവെന്ന തരത്തില്‍ വ്യാജ വാർത്ത പ്രചരിച്ചതോടെയാണ് പ്രദേശത്ത് വിവിധയിടങ്ങളില്‍ അക്രമ സംഭവങ്ങളും തീവെപ്പുമുണ്ടായത്.
ഇതിനെത്തുടർന്ന് രാത്രി പത്തുമണിയോടെ അധികൃതര്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. 24 മണിക്കൂര്‍ നേരത്തേക്കാണ് ഇന്റര്‍നെറ്റ് നിയന്ത്രണം. കട കമ്പോളങ്ങള്‍ അടയ്ക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കുത്തേറ്റ വിദ്യാര്‍ഥിയുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. കുത്തേറ്റ വിദ്യാര്‍ഥി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനാണ് അധികൃതര്‍ 144 പ്രഖ്യാപിച്ചിട്ടുള്ളത്. സഹപാഠിയെ കുത്തിയ വിദ്യാര്‍ഥിയും പിതാവും അറസ്റ്റിലായിട്ടുണ്ട്.
കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ ഒരുതരത്തിലുള്ള ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്നും പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. സുരാജ്‌പോള്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയാണ് സഹപാഠിയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ കുട്ടിയെ അദ്ധ്യാപകര്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസറും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും സംഭവത്തിന് പിന്നാലെ സ്‌കൂളിലെത്തി. ഇതോടെയാണ് കുത്തേറ്റ വിദ്യാർത്ഥി മരിച്ചുവെന്ന തരത്തില്‍ അഭ്യൂഹം പ്രചരിച്ചത്. ഇതോടെ നിരവധിപേര്‍ ആശുപത്രിക്ക് സമീപം തടിച്ചുകൂടുകയും അക്രമിക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ചെയ്തു. പിന്നാലെയാണ് പ്രദേശത്ത് പലസ്ഥലത്തും കല്ലേറുണ്ടാകുകയും നിര്‍ത്തിയിട്ട കാറുകള്‍ കത്തിക്കുകയും ചെയ്തത്.
ബിജെപി വക്താവ് നൂപുർ ശർമ്മയ്ക്ക് അനുകൂലമായി സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചു എന്നതിന്റെ പേരിൽ രണ്ട് മുസ്ലിം വിഭാഗത്തിൽപ്പെട്ട യുവാക്കൾ ഹിന്ദുവായ ഒരു തയ്യൽക്കാരനെ പട്ടാപ്പകൽ തലയറുത്ത് കൊന്നതിനെത്തുടർന്ന് 2022 ൽ ഉദയ്പൂർ മേഖലയിൽ സംഘർഷമുണ്ടായിരുന്നു. ഇപ്പോൾ കുത്തേറ്റ വിദ്യാർത്ഥി ഹിന്ദുവും പ്രതികൾ മുസ്ലിം വിഭാഗത്തിൽപ്പെട്ടവരുമാണ് അതിനാൽ വീണ്ടും സംഘർഷമുണ്ടാകാനുള്ള സാധ്യത കൂടി മുൻനിർത്തിയാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്.

