Tuesday, October 27, 2026

ബീമാപളളി ഷിബിലി വധക്കേസ് !പ്രതികളിലൊരാളായ മുഹമ്മദ് ഇനാസ് തമിഴ്‌നാട്ടിൽ നിന്ന് പിടിയിൽ ; കൂട്ടുപ്രതിയായ സഹോദരനായി അന്വേഷണം ഊർജ്ജിതം

പൂന്തുറ : ബീമാപളളി ഷിബിലി വധക്കേസിൽ ഒളിവിൽപ്പോയ പ്രതികളായ സഹോദരങ്ങളിലൊരാൾ പിടിയിലായി .തമിഴ്‌നാട്ടിലെ ഉരവിയിൽ നിന്നാണ് പ്രതികളിലൊരാളായ മുഹമ്മദ് ഇനാസ്(21) പിടിയിലായത്. ഇയാളുടെ സഹോദരനും മത്സ്യത്തൊഴിലാളിയുമായ ഇനാബ് (22) പെരുമാതുറ കടൽവഴി രക്ഷപ്പെട്ടതായാണ് വിവരം. ബീമാപളളി ഈസ്റ്റ് വാർഡ് സദാം നഗറിലുളള നാഗൂർ കണ്ണിന്റെ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന മത്സ്യത്തൊഴിലാളിയായ അബ്ദുൾ ഹസന്റെയും ബദറുനിസയുടെയും മകൻ ഷിബിലി(38) ആണ് മർദ്ദനമേറ്റ് മരിച്ചത്.

ഒരുമാസം മുമ്പ് ഷിബിലിയുടെ സുഹൃത്ത് റിയാസിന്റെ സഹോദരൻ ബാദുഷ, ഇപ്പോൾ പിടിയിലായ ഇനാസുമായി ബീമാപളളിയിൽ വച്ച് വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബാദുഷ ഇനാസിനെ മർദ്ദിക്കുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തിൽ വ്യാഴാഴ്ച രാത്രി ഷിബിലിക്കൊപ്പം ഉണ്ടായിരുന്ന റിയാസിനെ മർദ്ദിക്കാൻ ഇനാസ് ശ്രമിച്ചെങ്കിലും റിയാസ് ഓടി രക്ഷപ്പെട്ടു. ഇതോടെ ഇനാസും ഇനാബും ചേർന്ന് കൈയ്യിൽ കിട്ടിയ ഷിബിലിയെ മർദ്ദിക്കാൻ തുടങ്ങി.ഒടുവിൽ നാട്ടുകാർ ഇടപെട്ട് ഇരുകൂട്ടരെയും സ്ഥലത്ത് നിന്ന് പറഞ്ഞുവിടുകയായിരുന്നു.

എന്നാൽ രാത്രി 11 ഓടെ ബീമാപളളി റോഡിൽ നിന്ന് കടൽത്തീരത്തേക്ക് പോകുന്ന ഇടവഴിയിൽ വെച്ച് പ്രതികൾ വീണ്ടും ഷിബിലിയെ കണ്ടു. അപകടം മണത്ത് ഓടാൻ ശ്രമിച്ച ഷിബിലിയെ പ്രതികൾ തടഞ്ഞുവെക്കുകയും ഇടവഴിയിലെ മതിലിൽ ചേർത്തുവച്ച് കൈയിലുണ്ടായിരുന്ന ഇരുമ്പ് വളയമുപയോഗിച്ച് താടിയിലും ചുണ്ടിലും മുഖത്തും ഇടിച്ചും പരിക്കേൽപ്പിക്കുകയും ചെയ്തു.

അടിയേറ്റ് അവശനിലയിലായ ഷിബിലി അവിടെ നിന്ന് രക്ഷപ്പെട്ട് കടൽത്തീരത്തേക്ക് ഓടി. പിന്നാലെ എത്തിയ പ്രതികൾ ഷിബിലിയെ തറയിൽ തളളിയിട്ടശേഷം വയറിലും നെഞ്ചിലും ചവിട്ടിയും ഇടിച്ചും പരിക്കേൽപ്പിച്ചു. വയറിലേറ്റ ചവിട്ടിൽ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതാണ് ഷിബിലിയുടെ മരണത്തിനിടയാക്കിയത്.

ഷിബിലി അബോധാവസ്ഥയിലായതോടെ ഭയപ്പെട്ട പ്രതികൾ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സംഭവം കണ്ട നാട്ടുകാരിലൊരാളാണ് ഷിബിലിയുടെ സഹോദരനെ വിവരമറിയിച്ചത്. പിന്നാലെ സ്ഥലത്തെത്തിയ സഹോദരനും സുഹൃത്തുക്കളും ചേർന്നായിരുന്നു ഷിബിലിയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് ഇവർ പൂന്തുറ പോലീസിനെ വിവരമറിക്കുകയായിരുന്നു.

Related Articles

Latest Articles