Monday, December 29, 2025

ബസ് അപകടം; ഡ്രൈവര്‍ക്ക് 190 വര്‍ഷം തടവ് ശിക്ഷ

ഭോപ്പാല്‍: ബസ് അപകടത്തില്‍ 22 പേര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്ക് 190 വര്‍ഷം തടവ് ശിക്ഷ വിധിച്ച്‌ കോടതി. സാത്‌ന സ്വദേശിയായ ശംസുദ്ദീനെ(47)യാണ് മധ്യപ്രദേശിലെ കോടതി ശിക്ഷിച്ചത്. 19 കുറ്റങ്ങളാണ് പ്രതിക്കെതിരേ തെളിഞ്ഞത്. ഓരോ കുറ്റത്തിനും പത്ത് വര്‍ഷം വീതം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ശിക്ഷ പ്രത്യേകം അനുഭവിച്ചാല്‍ മതിയാകും. കേസില്‍ ബസ് ഉടമയെ പത്ത് വര്‍ഷം തടവിനും ശിക്ഷിച്ചിട്ടുണ്ട്.

2015 മെയ് നാലാം തീയതി മധ്യപ്രദേശിലെ പന്നായിലാണ് കേസിന് ആസ്പദമായ ബസ് അപകടം നടന്നത്. 65 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ബസ് മഡ്‌ല ഹില്ലിന് സമീപം വറ്റിവരണ്ട കനാലിലേക്ക് മറിയുകയും ബസിന് തീ പിടിക്കുകയുമായിരുന്നു. അപകടത്തില്‍ 22 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിരവധി കാര്യങ്ങളാണ് പൊലീസ് കണ്ടെത്തിയത്. കമ്ബികള്‍ ഘടിപ്പിച്ചത് കാരണം ബസിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ കഴിയാത്ത രീതിയിലായിരുന്നു. ഇതിന് സമീപത്ത് അധികമായി സീറ്റുകള്‍ ഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതുകാരണം അപകടമുണ്ടായപ്പോള്‍ യാത്രക്കാര്‍ ബസിനുള്ളില്‍ കുടുങ്ങിപ്പോയെന്നും എമര്‍ജന്‍സി വാതില്‍ തുറന്ന് രക്ഷപ്പെടാന്‍ സാധിച്ചില്ലെന്നും അന്വേഷണസംഘം കണ്ടെത്തി. മാത്രമല്ല, അമിതവേഗത്തിലാണ് ഡ്രൈവര്‍ ബസ് ഓടിച്ചിരുന്നതും വ്യക്തമായി. അപകടത്തില്‍പ്പെടുന്നതിന് മുമ്ബ് യാത്രക്കാര്‍ വേഗം കുറയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഡ്രൈവര്‍ വഴങ്ങിയില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

Related Articles

Latest Articles