Tuesday, December 16, 2025

“തലസ്ഥാനത്ത് ബസ് യാത്രയാണ് ഏറ്റവും സൗകര്യം ! കാറിനേക്കാളും വിമാനത്തേക്കാളും സുഖകരമായി ഇലക്ട്രിക് ബസ്സിൽ യാത്ര ചെയ്യാം !” – ഗണേഷ് കുമാറിനെതിരെ വീണ്ടും മുന്‍ ഗതാഗത മന്ത്രി ആന്റണി രാജു ; ഇലക്ട്രിക് ബസ് വിഷയം മന്ത്രിയും മുൻമന്ത്രിയും തമ്മിലുള്ള ശീത സമരത്തോളം എത്തുമ്പോൾ

തിരുവനന്തപുരം : ഇലക്ട്രിക് ബസ് വിഷയത്തിൽ ​ഗതാ​ഗതമന്ത്രി കെ.ബി. ​ഗണേഷ് കുമാറിനെതിരെ വീണ്ടും മുന്‍ ഗതാഗത മന്ത്രി ആന്റണി രാജു രംഗത്ത് വന്നു. തലസ്ഥാനത്ത് ബസ് യാത്രയാണ് ഏറ്റവും സൗകര്യമെന്നും കാറിനേക്കാളും വിമാനത്തേക്കാളും സുഖകരമായി ഇലക്ട്രിക് ബസ്സിൽ യാത്ര ചെയ്യാമെന്നും എസ്എംവി സ്‌കൂളിലെ പൂര്‍വ അദ്ധ്യാപകരുടെ സംഗമത്തിൽ ആന്റണി രാജു പറഞ്ഞു.

‘തിരുവനന്തപുരം നഗരത്തില്‍ ബസ് യാത്രയാണ് ഏറ്റവും സൗകര്യം. ഇപ്പോള്‍ സൗകര്യപൂര്‍വം യാത്ര ചെയ്യാൻ നമുക്ക് ഇലക്ട്രിക് ബസ്സുകളുണ്ട്. ഓട്ടോറിക്ഷയേക്കാളും, പ്ലെയിനിനേക്കാളും കാറിനേക്കാളും സുഖമായിട്ട് യാത്ര ചെയ്യാം.’ ആന്റണി രാജു പറഞ്ഞു.

ഇലക്ട്രിക് ബസ് ലാഭത്തിലല്ലെന്നും വാങ്ങിയവർക്കും ഉണ്ടാക്കിയവർക്കും ബസ് എത്രനാൾ പോകും എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും ഒരു ഇലക്ട്രിക് ബസ് വാങ്ങുന്ന കാശിന് 4 സാധാരണ ബസ് വാങ്ങാമെന്നും നിലവിലെ ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ലോകമെമ്പാടും ഇലക്ട്രിക് ബസിലേക്ക് മാറുന്നതിനിടെ ഗതാഗതവകുപ്പ് മന്ത്രി ബസുകൾക്ക് നേരെ മുഖം തിരിച്ചത് മുന്നണിക്കുള്ളിൽ പോലും വിമർശനത്തിനിടയാക്കി. പത്ത് രൂപ ഇലക്ട്രിക് ബസ് സർവീസുകൾ നിർത്തുമോ എന്ന ആശങ്ക നഗരവാസികൾക്കുമുണ്ടായി. വിമർശനം ശക്തമായതോടെ ഇലക്ട്രിക് ബസുകളുടെ വരവ് ചിലവ് കണക്കുകൾ ഗണേഷ് കുമാർ ആവശ്യപ്പെടുകയും ഇലക്ട്രിക് ബസുകൾ നിലവിൽ ലാഭകരമാണെന്ന റിപ്പോർട്ട് കെഎസ്ആർടിസി സമർപ്പിക്കുകയും ചെയ്തു.

Related Articles

Latest Articles