കഴിഞ്ഞ തവണത്തെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് കൂപ്പു കുത്തിയതിന്റെ നാണക്കേട് ഒഴിവാക്കുവാൻ അരയും തലയും മുറുക്കി സി. ദിവാകരനിറങ്ങുമ്പോൾ എൽഡിഎഫ് പ്രതീക്ഷിക്കുന്നത് തിരുവനന്തപുരത്ത് കടുപ്പമുള്ള ഒരു പോരാട്ടം കാഴ്ചവെക്കുക എന്നതാണ് . തിരുവനന്തപുരത്തെ സ്പന്ദനം നന്നായി അറിയാവുന്ന നേതാവാണ് സി ദിവാകരൻ എന്നാണ് സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രന്റെ അഭിപ്രായം. സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ദിനങ്ങളിൽ തന്നെ വിമാനത്താവള സ്വകാര്യവൽകരണത്തിനെതിരെയുള്ള ബാനറിൽ തിരുവനന്തപുരത്തെ എല്ലാ ലോക്കൽ കമ്മിറ്റികളെയും നിരത്തിലിറക്കി ഒരുങ്ങിക്കഴിഞ്ഞുവെന്ന സന്ദേശം സിപിഎം നൽകിയിരുന്നു.
തിരുവനന്തപുരത്തെ വലിയ ഒരു വിഭാഗം വോട്ടർമാർ ഇടതു അനുകൂല സർവീസ് ട്രേഡ് യൂണിയൻ വിഭാഗത്തിൽ നിന്നുള്ളവരാണ്. ഒപ്പം എൽഡിഎഫിന്റെ രാഷ്ട്രീയ വോട്ടുകളെല്ലാം പെട്ടിയിൽ വീഴുമെന്നുള്ളതും ദിവാകരന് തുണയാകും. എന്നാൽ കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിലെ തിരുവനന്തപുരത്തെ എൽഡിഎഫിന്റെ ദയനീയ പരാജയം ഇത്തവണ ഒഴിവാക്കുക എന്ന വലിയ ചുമതലയാണ് സി ദിവാകരനുള്ളത്. അത് കൊണ്ട് തന്നെ സജീവമായ പര്യടനമാണ് തിരുവനതപുരത്ത് സി ദിവാകരൻ നടത്തുന്നത്. മണ്ഡലത്തിലെ പ്രമുഖരെ നേരിട്ട് സന്ദർശിച്ചും വോട്ടർമാരോട് നേരിട്ട് വോട്ടു അഭ്യർഥിച്ചും സി ദിവാകരൻ പ്രചരണം കൊഴിപ്പിക്കുന്നുണ്ട്.
അതെ സമയം തിരുവനതപുരത്ത് ഹാട്രിക് വിജയത്തിന് ഒരുങ്ങുന്ന യുഡിഎഫ് സ്ഥാനാർഥി ശശി തരൂരും മിസോറാമിലെ ഗവർണ്ണർ പദവി രാജി വെച്ച് തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥിയായി എത്തിയ കുമ്മനം രാജശേഖരനും സി ദിവാകരന് കനത്ത വെല്ലുവിളിയായിരിക്കും ഉയർത്തുക.

