Tuesday, May 14, 2024
spot_img

സർക്കാർ സംവിധാനം ഉപയോഗിച്ച് പ്രചാരണം ! തോമസ് ഐസക്കിന് ജില്ലാ കളക്ടറുടെ നോട്ടീസ്

തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയിൽ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ ടി.എം.തോമസ് ഐസക്കിനോട് വിശദീകരണം തേടി കലക്‌ടർ. വിഷയത്തിൽ മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് തോമസ് ഐസക്കിന് കളക്ടർ നോട്ടീസ് അയച്ചു. യുഡിഎഫ് നൽകിയ പരാതിയിലാണ് പത്തനംതിട്ട ജില്ലാ കലക്ടറുടെ നടപടി.

വിശദീകരണം തേടിയതിലൂടെ ചട്ടലംഘനം വ്യക്തമായെന്നും യുഡിഎഫ് ആരോപിച്ചു. സർക്കാർ സംവിധാനങ്ങൾ തോമസ് ഐസക് ദുരുപയോഗം ചെയ്യുന്നെന്നായിരുന്നു യുഡിഎഫിന്റെ പരാതി. സർക്കാർ സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയും കുടുംബശ്രീ പ്രവര്‍ത്തകരെയും തോമസ് ഐസക്കിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നതായും യുഡിഎഫ് ആരോപിച്ചിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും യുഡിഎഫ് പരാതി നൽകിയിരുന്നു.

നേരത്തെ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡയറക്ടർക്കുമെതിരെ പെരുമാറ്റ ചട്ടലംഘനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി എൻ പ്രതാപൻ എംപിയാണ് പരാതി നൽകിയത്.

മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം കേരളം മുഴുവൻ വിതരണം ചെയ്യുന്നുവെന്നാണ് ടി എൻ പ്രതാപൻ എംപിയുടെ പരാതി. സംസ്ഥാന സർക്കാരിന്റെ പൊതു ഖജനാവിൽ നിന്ന് പണം ചെലവഴിച്ച് പ്രിന്റ് ചെയ്ത മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗമാണ് വീട് കയറി വിതരണം ചെയ്യുന്നത്.16 പേജുള്ള പുസ്തകം എല്ലാ വീടുകളിലും വിതരണം ചെയ്യുന്നുണ്ട്. കോടിക്കണക്കിന് രൂപയാണ് പ്രസംഗം പ്രിൻറ് ചെയ്യുന്നതിന് വേണ്ടി സർക്കാർ ചെലവഴിച്ചത്. അതിനാൽ തന്നെ, മാതൃകാ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണ് നടക്കുന്നതെന്നും പരാതിയിൽ പറയുന്നു.

Related Articles

Latest Articles