തങ്ങളെ ചോദ്യങ്ങൾ ചോദിച്ച് വെള്ളം കുടിപ്പിക്കുമെന്ന് ഉറപ്പുള്ള ചാനൽ അവതാരകരെ ബഹിഷ്കരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് പ്രതിപക്ഷ പാർട്ടികളുടെ ഇന്ത്യ സഖ്യം. വാർത്തകൾ ബിജെപിക്ക് അനുകൂലമായി കൈകാര്യം ചെയ്യുന്നു, ശത്രുതാ മനോഭാവത്തോടെ പെരുമാറുന്നു എന്നിങ്ങനെയുള്ള ന്യായീകരണം മുന്നോട്ട് വച്ചുകൊണ്ടാണ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ നിന്നും പ്രതിപക്ഷ പാർട്ടികൾ ഒളിച്ചോടുന്നത്. തങ്ങൾ ബഹിഷ്കരിക്കാൻ ഉദ്ദേശിക്കുന്ന 14 ടെലിവിഷൻ വാർത്താ അവതാരകരുടെ പട്ടികയും പ്രതിപക്ഷ പാർട്ടികൾ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ, ഇന്ത്യ സഖ്യത്തിന്റെ നിലപാടിനെതിരെ ശക്തമായ ഭാഷയിൽ വിമർശിച്ച്കൊണ്ട് രംഗത്തു വന്നിരിക്കുകയാണ് ബിജെപി. മാദ്ധ്യമങ്ങളെ ഭീഷണിപ്പെടുത്തിയ ചരിത്രമാണ് കോൺഗ്രസിന് എക്കാലത്തും അവകാശപ്പെടാനുള്ളതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ തുറന്നടിച്ചു.
മാദ്ധ്യമങ്ങളെ ഭീഷണിപ്പെടുത്തുകയും വ്യത്യസ്ത വീക്ഷണമുള്ളവരെ നിശബ്ദരാക്കുകയും ചെയ്ത നിരവധി സംഭവങ്ങൾ കോൺഗ്രസിന്റെ ചരിത്രത്തിലുണ്ട്. പണ്ഡിറ്റ് നെഹ്‌റു അഭിപ്രായ സ്വാതന്ത്ര്യം വെട്ടിക്കുറച്ചു, തന്നെ വിമർശിച്ചവരെ അറസ്റ്റ് ചെയ്തു. എന്നിരുന്നാലും ഇക്കാര്യത്തിൽ ഇന്ദിരാ ഗാന്ധിയാണ് സ്വർണ്ണ മെഡൽ ജേതാവായി തുടരുന്നത്. ഭയാനകമായ അടിയന്തരാവസ്ഥ ഏർപ്പെടുത്തുകയാണ് ഇന്ദിരാ ഗാന്ധി ചെയ്തത്. കൂടാതെ, മാദ്ധ്യമങ്ങളെ ഭരണകൂട നിയന്ത്രണത്തിൽ കൊണ്ടുവരാൻ രാജീവ് ഗാന്ധിയും ശ്രമിച്ചു, പക്ഷേ ദയനീയമായി പരാജയപ്പെടുകയായിരുന്നുവെന്നും സോണിയയുടെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത് ഇഷ്ടപ്പെടാത്തതിനാൽ നിരോധിക്കുകയായിരുന്നുവെന്നും ജെപി നദ്ദ തുറന്നടിച്ചു. അതേസമയം, മാദ്ധ്യമങ്ങൾക്കെതിരെ ഇന്ത്യ സഖ്യം സ്വീകരിച്ച നടപടി അടിയന്തരാവസ്ഥ 2.0 ആണെന്നായിരുന്നു കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ വിമർശിച്ചത്. അവർക്ക് ജനാധിപത്യത്തിൽ യാതൊരു തരത്തിലുമുള്ള വിശ്വാസമില്ലെന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നതെന്നും മാദ്ധ്യമങ്ങളുടെ വായടപ്പിക്കാനാണ് പ്രതിപക്ഷ സഖ്യം ആഗ്രഹിക്കുന്നതെന്നും അനുരാഗ് ഠാക്കൂർ ചൂണ്ടിക്കാണിച്ചു.
അതേസമയം, ഒൻപത് ചാനലുകളിലെ 14 പേരെയാണ് ഇന്ത്യ സഖ്യം ബഹിഷ്കരിക്കുന്നത്. ഈ അവതാരകര്‍ നയിക്കുന്ന ചർച്ചകളിലോ വാർത്താപരിപാടികളിലോ ഇന്ത്യ സഖ്യത്തിന്റെ പ്രതിനിധികള്‍ പങ്കെടുക്കില്ല. റിപ്പബ്ലിക് ഭാരതിന്റെ അര്‍ണാബ് ഗോസ്വാമി, ടൈംസ് നൗ നവഭാരതിലെ നവിക കുമാര്‍, സുശാന്ത് സിന്‍ഹ, ന്യൂസ് 18 ലെ അമന്‍ ചോപ്ര, അമീഷ് ദേവ്ഗണ്‍, ആനന്ദ് നരസിംഹന്‍, ഭാരത് എക്സ്പ്രസിന്റെ അദിതി ത്യാഗി, ഡിഡി ന്യൂസിലെ അശോക് ശ്രീവാസ്തവ്, ആജ് തക്കിലെ സുധീര്‍ ചൗധരി, ചിത്രാ ത്രിപാഠി, ഭാരത്24 ലെ റൂബിക ലിയാഖത്ത്, ഇന്ത്യ ടുഡേയിലെ ഗൗരവ് സാവന്ത്, ശിവ് അരൂര്‍, ഇന്ത്യ ടിവിയിലെ പ്രാചി പരാശര്‍ എന്നിവരൊണ് സഖ്യം ബഹിഷ്കരിക്കുന്നത്. സെപ്തംബര്‍ 13-ന് ചേര്‍ന്ന ആദ്യ ഏകോപന സമിതി യോഗിലാണ് പ്രതിപക്ഷ സഖ്യം വാര്‍ത്താ ചാനല്‍ അവതാരകരെ ബഹിഷ്‌കരിക്കാന്‍ തീരുമാനമെടുത്തത്. ബഹിഷ്കരിച്ചിരിക്കുന്ന അവതാരകരെ മാസങ്ങളോളം തങ്ങളുടെ മീഡിയ കമ്മിറ്റി നിരീക്ഷിക്കുമെന്നും പ്രശ്നമില്ലെന്ന് തോന്നിയാൽ ബഹിഷ്കരണം പിൻവലിക്കും എന്നും സഖ്യം പറയുന്നു. എന്നാൽ, തങ്ങളെ ചോദ്യങ്ങൾ ചോദിച്ച് വെള്ളം കുടിപ്പിക്കുമെന്ന് ഉറപ്പുള്ള ചാനൽ അവതാരകരെയാണ് പ്രതിപക്ഷ പാർട്ടികളുടെ സഖ്യം ബഹിഷ്കരിക്കുന്നതെന്നാണ് സോഷ്യൽ മീഡിയിയയിലെ പലരുടെയും അഭിപ്രായം.

