ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജി വെച്ചു. ലിബറൽ പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് നിന്നും ട്രൂഡോ രാജി വച്ചു. അതേസമയം പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നത് വരെ ട്രൂഡോ പ്രധാനമന്ത്രി സ്ഥാനത്ത് തുടരും. പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കത്തെത്തുടര്‍ന്നാണ് രാജിയെന്ന് ട്രൂഡോ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒൻപത് വർഷം അധികാരത്തിൽ ഇരുന്ന ശേഷമാണ് ട്രൂഡോയുടെ പടിയിറക്കം. ജനപ്രീതി കുത്തനെയിടിഞ്ഞ സാഹചര്യത്തിലാണ് ട്രൂഡോയുടെ രാജിവാർത്തകൾ പുറത്തുവന്നത്.
ഇന്ത്യയുമായുള്ള കാനഡയുടെ ബന്ധം മോശമായി തുടരുന്നതിനിടെയാണ് ട്രൂഡോയുടെ രാജി എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ 11 വര്‍ഷമായി പാര്‍ട്ടിയുടെ നേതാവാണ് ട്രൂഡോ. ഒക്ടോബറിൽ ഏകദേശം 20ഓളം എംപിമാർ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ട് കത്തിൽ ഒപ്പിട്ടിരുന്നു.കനേഡിയന്‍ പാര്‍ലമെന്റിലെ ലിബറല്‍ പാര്‍ട്ടിയുടെ 153 എം.പിമാരില്‍ 131-ഓളം പേര്‍ പാര്‍ട്ടിക്ക് എതിരാണെന്നായിരുന്നു റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ 20 മുതല്‍ 23 എം.പിമാരുടെ പിന്തുണ മാത്രമാണ് ട്രൂഡോയ്ക്ക് ഉള്ളതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. ലിബറല്‍ പാര്‍ട്ടിയുടെ ക്യൂബെക്, ഒന്റാരിയോ, അറ്റ്ലാന്റിക് പ്രവിശ്യകളിലെ പ്രാദേശിക നേതൃത്വം ട്രൂഡോയെ നീക്കണമെന്ന ആവശ്യം ഉന്നയിച്ചുവെന്നും സൂചനയുണ്ടായിരുന്നു. ലിബറല്‍ പാര്‍ട്ടിയുടെ ദേശീയ കോക്കസ് യോഗം ബുധനാഴ്ച ചേരാനിരിക്കേയാണ് രാജി. പണപ്പെരുപ്പം, ഭവന പ്രതിസന്ധി, കുടിയേറ്റം തുടങ്ങി നിരവധി പ്രതിസന്ധികളാണ് സർക്കാർ നേരിടുന്നത്. ഡിസംബർ 16-ന്, ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവെച്ചിരുന്നു. ട്രൂഡോയോട് വിയോജിപ്പ് പ്രകടിപ്പിച്ചായിരുന്നു രാജി.

