തിരുവനന്തപുരം: പൗൾട്രി ഫാമിൽ നിന്ന് 55 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ഒരാളെ കൂടി പിടികൂടി എക്സൈസ് സംഘം.
കേസിലെ മുഖ്യപ്രതി അക്ബർ ഷാക്ക് സഹായം ലഭ്യമാക്കിയ നെടുമങ്ങാട് ഈസ്റ്റ് ബംഗ്ലാവ് യാദവം വീട്ടിൽ നിന്ന് തേക്കട മാടൻനട സൊസൈറ്റി നട ദാറുൽ നിഹാർ വീട്ടിൽ വാടകക്ക് താമസിക്കുന്ന യദു എന്ന യദുകൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം 2021 ഒക്ടോബർ 23-ന് നെടുമങ്ങാട് നെല്ലനാട് പ്രവർത്തിക്കുന്ന പൗൾട്രി ഫാമിൽ നിന്ന് 55 കി.ഗ്രാം കഞ്ചാവ് വിൽപനയ്ക്കായി സൂക്ഷിച്ചതിനാണ് ഷാൻ എന്ന അക്ബർ ഷായെ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി-നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി. അനികുമാറും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
തുടർന്ന് ഈ കേസിന്റെ അന്വേഷണം തിരുവനന്തപുരം അസി. എക്സൈസ് കമീഷണർ (എൻഫോഴ്സ്മെന്റ്) വിനോദ് കുമാർ ഏറ്റെടുത്തിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ശേഷം ഇയാളെ റിമാൻഡ് ചെയ്തു.

