ദില്ലി : യുഎപിഎ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കറിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ആരോഗ്യ കാരണങ്ങളാല്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അബൂബക്കര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ ഈ ഘട്ടത്തില്‍ ഹർജി പരിഗണിക്കാനാവില്ലെന്ന്, മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ചതിനു ശേഷം ജസ്റ്റിസുമാരായ എം എം സുന്ദരേശും രാജേഷ് ബിന്‍ഡലും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. 70 വയസുണ്ടെന്നും പാര്‍ക്കിന്‍സണ്‍സ് രോഗമുണ്ടെന്നും കാന്‍സര്‍ ചികിത്സയ്ക്കായി ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നുമാണ് അബൂബക്കര്‍ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.
2022 സെപ്റ്റംബര്‍ 22നാണ് എൻഐഎ അബൂബക്കറിനെ അറസ്റ്റ് ചെയ്തത്. പിന്നാലെ ജാമ്യത്തിനായി വിചാരണക്കോടതിയെയും ഹൈക്കോടതിയെയും അബൂബക്കർ സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ഇന്ത്യയിൽ 2047 ഓടെ ഇസ്‌ലാമിക ഭരണം നടപ്പിലാക്കുക എന്നത് ലക്ഷ്യമിട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഫണ്ട് സ്വരൂപിക്കുന്നതിനായി പോപ്പുലർ ഫ്രണ്ടും അതിന്റെ ഭാരവാഹികളും അംഗങ്ങളും ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. 2022 സെപ്റ്റംബര്‍ 22നാണ് അബൂബക്കര്‍ അറസ്റ്റിലാകുന്നത്. ഐസിസ് പോലുള്ള ഭീകരവാദ ഗ്രൂപ്പുമായി പിഎഫ്‌ഐയ്ക്കും നിരവധി അനുബന്ധ ഗ്രൂപ്പുകള്‍ക്കും ബന്ധമുണ്ടെന്ന കാരണത്താല്‍ 2022 സെപ്റ്റംബർ 28ന് പിഎഫ്‌ഐയെയും മറ്റ് സംഘടനകളെയും അഞ്ച് വര്‍ഷത്തേയ്ക്ക് കേന്ദ്രസർക്കാർ നിരോധനമേർപ്പെടുത്തിയത്‍.

