മഹാരാഷ്ട്ര: കാമുകിയെ വിവാഹം കഴിക്കാനായി രണ്ട് വയസുള്ള സ്വന്തം മകനെ കൊന്ന് പുഴയിൽ വലിച്ചെറിഞ്ഞു. മഹാരാഷ്ട്രയിലാണ് കണ്ണില്ലാത്ത ക്രൂരത നടന്നത്. ഗാർമെന്റ് ഫാക്ടറിയിലെ തയ്യൽക്കാരനാണ് യുവാവ്. ഇവിടെ തന്നെ ജോലി ചെയ്യുന്ന യുവതിയുമായി ഇയാൾക്ക് അവിഹിതബന്ധമുണ്ടായിരുന്നു. വിവാഹം കഴിക്കണമെങ്കിൽ ഭാര്യയേയും മകനെയും ഇല്ലായ്മ ചെയ്യണമെന്ന് കാമുകി തന്നോട് ആവശ്യപ്പെട്ടിരുന്നതായി യുവാവ് പോലീസിനോട് കുറ്റസമ്മതം നടത്തി.
ഭാര്യയെയും മകനെയും ഇല്ലായ്മ ചെയ്താൽ വിവാഹം ചെയ്യാമെന്ന് കാമുകി ഉറപ്പുനൽകിയതിനെ തുടർന്നാണ് മകനെ കൊന്ന് പുഴയിൽ എറിഞ്ഞതെന്ന് പ്രതി പറയുന്നു. ഭാര്യയുമായി യുവാവ് അത്ര രസത്തിലായിരുന്നില്ല. ഭർത്താവിന്റെ അവിഹിത ബന്ധത്തെ കുറിച്ച് ഭാര്യയ്ക്കും അറിയാമായിരുന്നു. ഇതും പറഞ്ഞ് ഇരുവരും നിരവധി തവണ കലഹമുണ്ടായിട്ടുമുണ്ട്. സംഭവദിവസം കുഞ്ഞിന് ചോക്കലേറ്റ് നൽകാം എന്ന് വാഗ്ദാനം ചെയ്താണ് യുവാവ് ഭാര്യയുടെ അടുത്ത് നിന്ന് കുഞ്ഞിനെ കൊണ്ടുപോയതെന്നും പോലീസ് പറയുന്നു.
ബുധനാഴ്ച രാവിലെയാണ് കുട്ടിയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തിയത്. പ്ലാസ്റ്റിക് ബാഗിലായിരുന്നു മൃതദേഹം. എലി കടിച്ചതിനാൽ എളുപ്പം തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞതെന്നും പോലീസ് പറയുന്നു.

