പറവൂര്‍: നിയന്ത്രണം വിട്ട കാര്‍ പോസ്റ്റില്‍ ഇടിച്ച് അപകടം. ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ മുന്‍ഭാഗവും രണ്ട് വൈദ്യുതി പോസ്റ്റും തകര്‍ന്നു. ദേശീയപാതയില്‍ ഞായറാഴ്ച വൈകീട്ട് 3.45ന് ആണ് സംഭവം.
പെരുവാരത്തിനും പൂശാരിപ്പടിക്കും ഇടയില്‍ ആണ് അപകടമുണ്ടായത്. കാര്‍ ഡ്രൈവര്‍ മാത്രമെ വാഹനത്തില്‍ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു. അമിത വേഗത്തിലായിരുന്ന കാറിന്‍റെ മുന്‍ഭാഗത്തെ ടയര്‍ പൊട്ടിയതിനെത്തുടര്‍ന്നാണ് നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണില്‍ ഇടിച്ചത്.
ഇടിച്ച ഉടന്‍ വൈദ്യുതി ബന്ധം തകരാറിലായതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. ഇടപ്പള്ളിയില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് പോകുന്നതിനിടയിലാണ് അപകടം ഉണ്ടായത്. പോലീസ് എത്തുന്നതിനു മുമ്പ് തന്നെ മറ്റ് യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. മൂത്തകുന്നത്തുനിന്ന് എത്തിയ ഹൈവേ പോലീസെത്തി ഗതാഗത തടസം നീക്കി. ഒരു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു.

