തൃശൂര്‍: കൊറ്റനെല്ലൂരില്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി നാല് മരണം. തുമ്പൂര്‍ അയ്യപ്പന്‍ കാവ് ഉത്സവം കഴിഞ്ഞ് മടങ്ങിയ 4 പേരെ അമിത വേഗതയില്‍ വന്ന കാറിടിച്ച് മരിച്ചു.
തിങ്കളാഴ്ച്ച രാത്രി 11 മണിയോടെയാണ് തുമ്പൂര്‍ ജംഗ്ഷന് സമീപം അപകടം നടന്നത്. ഉത്സവം കണ്ട് കഴിഞ്ഞ് മടങ്ങുകയായിരുന്ന പേരാംമ്പിള്ളി സുബ്രന്‍ (54), മകള്‍ പ്രജിത (23), കണ്ണംത്തറ ബാബു (60) മകന്‍ ബിബിന്‍ (29) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
അമിത വേഗതയില്‍ വന്ന കാര്‍ ഇവരെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. പിന്നീട് കാവടി തിരക്കില്‍ അകപ്പെട്ട കാര്‍ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. അപകടത്തില്‍ പ്പെട്ടവരെ ആളൂര്‍ എസ്‌ഐ സുശാന്ത് കെ.എസിന്റെ നേതൃത്വത്തില്‍ പോലീസ് വാഹനത്തിലാണ് ആശുപത്രിയില്‍ എത്തിച്ചത്.
കാറിലുണ്ടായിരുന്ന വള്ളിവട്ടം പെങ്ങോട് സ്വദേശികളായ അഞ്ച് പേരെ ആളൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ മദ്യപിച്ചിട്ടുണ്ടായിരുന്നതായി ആരോപണമുണ്ട്. അപകടം പറ്റിയവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ്, ഐലെറ്റ്, ദയ, ചാലക്കുടി സെന്റ് ജെയിംസ്, എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.

