Thursday, December 18, 2025

പാലക്കാട് കാർ പൊട്ടിത്തെറിച്ച് അപകടം ! അമ്മയ്ക്കും മൂന്ന് മക്കൾക്കും പരിക്ക്; കാറിനുള്ളിലെ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയം

പാലക്കാട് കാർ പൊട്ടിത്തെറിച്ച് നാല് പേർക്ക് പരിക്ക്. ഇന്ന് വൈകുന്നേരം അഞ്ചരയോടെ പൊല്‍പ്പുള്ളി അത്തിക്കോട്ടാണ് സംഭവം. സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ അത്തിക്കോട് പുളക്കാട് സ്വദേശിനി എല്‍സി മാര്‍ട്ടിന്‍(40) മക്കളായ അലീന(10) ആല്‍ഫിന്‍ (6) എമി(4) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ആല്‍ഫിന്റെയും എമിയുടെയും നില ഗുരുതരമാണെന്നാണ് വിവരം. 90 ശതമാനത്തിലേറെ പൊള്ളലേറ്റ ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാറിനുള്ളിലെ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചാണ് തീപ്പിടിത്തമുണ്ടായതെന്നും ഷോർട്ട് സർക്യൂട്ടാണെന്നും പറയപ്പെടുന്നുണ്ട്.

ഒന്നരമാസം മുന്‍പാണ് എല്‍സിയുടെ ഭര്‍ത്താവ് മാര്‍ട്ടിന്‍ മരിച്ചത്. ഇതിനുശേഷം ജോലിയില്‍നിന്ന് അവധിയെടുത്ത എല്‍സി കഴിഞ്ഞദിവസമാണ് ആശുപത്രിയിലെ ജോലിയില്‍ തിരികെപ്രവേശിച്ചത്.
ഇന്ന് ആശുപത്രിയിലെ ജോലി കഴിഞ്ഞെത്തിയ എല്‍സി കുട്ടികളെയും കൂട്ടി കാറില്‍ പുറത്തേക്ക് പോകാനിരിക്കെയാണ് അപകടമുണ്ടായത്. എല്ലാവരും കാറില്‍ കയറിയതിന് ശേഷം എല്‍സി വാഹനം സ്റ്റാര്‍ട്ട് ചെയ്യുകയും പിന്നാലെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായി കാറിന് തീപിടിച്ചെന്നുമാണ് പറയുന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് തീയണച്ച് ഇവരെ പുറത്തെടുത്തത്.

Related Articles

Latest Articles