തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തത് ക്രൈം ബ്രാഞ്ച് . അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ക്രൈംബ്രാഞ്ചിന്‍റെ തിരുവനന്തപുരം യൂണിറ്റാണ് കേസെടുത്തത്.
ജയിലിൽ പുറത്തിറങ്ങിയ ശേഷം ദിലീപ് (Dileep) അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്നായിരുന്നു ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തല്‍. എസ്.പി കെ.എസ് സുദര്‍ശന്‍റെ കൈവെട്ടണമെന്ന് ഉള്‍പ്പെടെയുള്ള പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്. ദിലീപിന് പുറമേ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് എന്നിവർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ഭീഷണിപ്പെടുത്തല്‍, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. കേസില്‍ ഒന്നാം പ്രതി ദിലീപും രണ്ടാം പ്രതി സഹോദരന്‍ അനൂപുമാണ്.

