Sunday, December 21, 2025

സിസിടിവി ക്യാമറകൾ സ്ഥാപിക്കും, ചുമതല നാല് പേർക്ക്! സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നാലെ പൂക്കോട് കോളേജ് ഹോസ്റ്റലിൽ അടിമുടി മാറ്റങ്ങൾ

വയനാട്: എസ് എഫ് ഐയുടെ മൃഗീയമായ മർദ്ദനത്തിൽ വിദ്യാർത്ഥി സിദ്ധാർത്ഥ് കൊല്ലപ്പെട്ടതിന് പിന്നാലെ പൂക്കോട് വെറ്റിനറി സർവ്വകലാശാല ഹോസ്റ്റലിൽ അടിമുടി മാറ്റങ്ങൾ. സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നാലെ ഹോസ്റ്റലിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് സർവ്വകലാശാലയ്ക്ക് വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

മൂന്ന് നിലകളാണ് ഹോസ്റ്റലിന് ഉള്ളത്. ഇനിമുതൽ ഓരോ നിലയുടെയും ചുമതല ഓരോരുത്തർക്കായിരിക്കും. ഹോസ്റ്റലിന്റെ മുഴുവൻ ചുമതല അസിസ്റ്റന്റ് വാർഡന് ആയിരിക്കും. ഇതിന് പുറമേ ഹോസ്റ്റലിൽ ഉടൻ തന്നെ സിസിടിവി ക്യാമറകൾ സ്ഥാപിക്കും. വർഷം തോറും ഹോസ്റ്റലിന്റെ ചുമതലക്കാരെ മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.

സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നാലെ ഹോസ്റ്റലിനുള്ളിലെ എസ്എഫ്‌ഐ പ്രവർത്തകരുടെ അഴിഞ്ഞാട്ടത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇതിൽ വ്യാപകമായ പ്രതിഷേധം ഉയർന്നുവന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് നടപടി. നേരത്തെ ഹോസ്റ്റലിൽ സിസിടിവി ക്യാമറ സ്ഥാപിക്കാൻ അധികൃതർ ശ്രമം നടത്തിയിരുന്നു. എന്നാൽ ഇത് എസ്എഫ്‌ഐക്കാർ തടയുകയായിരുന്നു. എസ്എഫ്‌ഐക്കാരുടെ ഗുണ്ടാ വിളയാട്ടമാണ് ഹോസ്റ്റലിൽ നടക്കുന്നത് എന്നാണ് മറ്റ് വിദ്യാർത്ഥികൾ പറയുന്നത്.

Related Articles

Latest Articles