മുംബൈ: പ്രവാചക നിന്ദ ആരോപിച്ച് ഇസ്ലാമിക ഭീകരർ കൊലപ്പെടുത്തിയ കനയ്യലാൽ സാഹുവിന്റെ കഥ പറയുന്ന ബോളിവുഡ് ചിത്രമായ ഉദയ്‌പൂർ ഫയൽസിലും മാറ്റങ്ങൾ നിർദ്ദേശിച്ച് സെൻസർ ബോർഡ്. ആറു മാറ്റങ്ങൾ വരുത്താനാണ് പ്രധാനമായും സിനിമാ നിർമ്മാതാക്കളോട് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. നുപൂർ ശർമ്മയുടെ വിവാദമായ പ്രസ്‌താവന ചിത്രത്തിൽ നിന്ന് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നുപൂർ ശർമ്മയെ പ്രതിനിധീകരിക്കുന്ന കഥാപാത്രത്തിന് നൂതൻ ശർമ്മ എന്ന പേരാണ് നൽകിയിരുന്നത്. ആ പേര് മാറ്റാനും നിർദ്ദേശമുണ്ട്. ചിത്രത്തിൽ ഉപയോഗിച്ചിട്ടുള്ള സൗദി അറേബ്യൻ മാതൃകയിലുള്ള തലപ്പാവ് കാണിക്കുന്ന എ ഐ ദൃശ്യവും നീക്കം ചെയ്യണം. ചില സംഭാഷണങ്ങളും സെൻസർ ബോർഡ് നീക്കിയിട്ടുണ്ട്. ജൂലൈ 11 നാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്നത്. സെൻസർ ബോർഡ് മാറ്റങ്ങൾ നിർദ്ദേശിച്ചതിനാൽ റിലീസ് ആഗസ്റ്റ് ആദ്യ വാരത്തിലേക്ക് മാറ്റി.
2022 ജൂൺ 28 നാണ് രാജസ്ഥാനിലെ ഉദയ്‌പൂർ സ്വദേശിയായ കനയ്യലാലിനെ ഇസ്ലാമിക ഭീകരർ പ്രവാചക നിന്ദ ആരോപിച്ച് കൊലപ്പെടുത്തിയത്. ബിജെപി നേതാവ് നുപൂർ ശർമയെ പിന്തുണച്ച് സമൂഹമദ്ധ്യമങ്ങളിൽ പോസ്റ്റിട്ടതാണ് പ്രകോപനം. ഒരു ടെലിവിഷൻ ചാനൽ ചർച്ചയ്ക്കിടെ നുപൂർ ശർമ്മ നടത്തിയ പരാമർശങ്ങൾ പ്രവാചക നിന്ദ ആണെന്നാരോപിച്ചാണ് ചില തീവ്ര ഇസ്ലാമിക സംഘടനകൾ അവർക്ക് നേരെ അക്കാലത്ത് വധഭീഷണി ഉയർത്തിയിരുന്നത്.
കനയ്യലാലിനെ കൊലപ്പെടുത്തിയ പ്രതികൾക്ക് ചില അന്താരാഷ്‌ട്ര ഭീകര സംഘടനകളുമായി ബന്ധമുണ്ടായിരുന്നു എന്ന് പിന്നീട് കണ്ടെത്തിയിരുന്നു. യു എ പി എ അടക്കമുള്ള വകുപ്പുകൾ പിന്നീട് പ്രതികൾക്കെതിരെ ചുമത്തി. ഉദയ്‌പൂർ നഗരത്തിൽ ജീവിച്ചിരുന്ന സാധാരണക്കാരനായ ഒരു തയ്യൽ തൊഴിലാളിയായിരുന്നു കനയ്യലാൽ. തുണി തയ്ക്കാനെന്ന വ്യാജേന കടയിലെത്തിയ പ്രതികൾ കനയ്യ ലാലിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.

