Thursday, May 2, 2024
spot_img

മഹാരാഷ്ട്രയിലെ വിമത എംഎല്‍എമാർക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്രം

മുംബൈ∙ മഹാരാഷ്ട്രയിലെ വിമത എംഎല്‍എമാർക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള സുരക്ഷ സംസ്ഥാന സർക്കാർ പിൻവലിച്ചതിനു തൊട്ടുപിന്നാലെ വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി കേന്ദ്രം. ശിവസേനാ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് സുരക്ഷാ ഭീഷണിയുള്ള സാഹചര്യത്തില്‍ പ്രതികാരനടപടിയായാണ് ഉദ്ധവ് താക്കറെ സർക്കാർ സുരക്ഷ പിൻവലിച്ചതെന്ന് വിമത നേതാവ് ഏക്നാഥ് ഷിൻഡെ ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് 15 വിമത എംഎൽഎമാർക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

രാജിവയ്ക്കാതെ വിശ്വാസവോട്ടെടുപ്പുമായി മുന്നോട്ടു പോകാനാണ് ഉദ്ധവ് താക്കറെ സർക്കാർ തീരുമാനം. അയോഗ്യരാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഏക്നാഥ് ഷിൻഡെയടക്കം 16 ശിവസേനാ വിമത എംഎൽഎമാർക്കു നിയമസഭാ സെക്രട്ടേറിയറ്റ് നോട്ടിസ് അയച്ചിരുന്നു. എന്നാൽ വിമത എംഎല്‍എമാർക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള സുരക്ഷ പിൻവലിച്ചുവെന്ന ആരോപണം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിഷേധിച്ചു.

ശിവസേനാ സ്ഥാപകനും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പിതാവുമായ ബാൽ താക്കറെയുടെ പേര് ഷിൻഡെ പക്ഷം ഉപയോഗിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാനും ശിവസേന തീരുമാനിച്ചിരുന്നു. പാർട്ടി വിട്ടിട്ടില്ലെന്നും ശിവസേന (ബാലാസാഹെബ്) എന്ന പേരിൽ പുതിയ വിഭാഗമായി പ്രവർത്തിക്കുമെന്നും വിമത എംഎൽഎ ദീപക് കേസർക്കർ അറിയിച്ചതിനെ തുടർന്നാണിത്. താക്കറെയുടെ പേര് ഉപയോഗിക്കാൻ വിമതർക്ക് അധികാരമില്ലെന്ന് ഉദ്ധവ് തിരിച്ചടിച്ചു.

ബാൽ താക്കറെ വികാരവും വൈകാരിക ഇടപെടലുമായി അണികളെ ചേർത്തുനിർത്താനാണ് പാർട്ടി അധ്യക്ഷൻ ഉദ്ധവിന്റെ ശ്രമം. വിമത മന്ത്രിമാരെ 24 മണിക്കൂറിനകം പദവിയിൽ നിന്നു മാറ്റുമെന്നു ശിവസേന നേതാവ് സഞ്ജയ് റാവുത്ത് മുന്നറിയിപ്പ് നൽകിയത് അവരെ സമ്മർദത്തിലാക്കിയിട്ടുണ്ട്. വിമത എംഎൽഎമാരുടെ ഓഫിസുകൾ ശിവസേനാ പ്രവർത്തകർ ആക്രമിച്ചതോടെ മുംബൈയിലും താനെയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

Related Articles

Latest Articles