ദില്ലി : തക്കാളിയുടെ തീ വിലയിൽ നട്ടം തിരിഞ്ഞ ജനങ്ങൾക്ക് ആശ്വാസമായി കേന്ദ്രസർക്കാര്‍ ഇടപെടൽ. ദില്ലി , ലക്നൗ, പാറ്റ്ന തുടങ്ങി വിലക്കയറ്റമുണ്ടായ രാജ്യത്തെ വിവിധ നഗരങ്ങളിൽ നാഷനൽ അഗ്രിക്കൾച്ചറൽ കോ–ഓപ്പറേറ്റിവ് മാർക്കറ്റിങ് ഫെഡറേഷൻ നേരിട്ട് തക്കാളിയെത്തിച്ചു. കിലോയ്ക്ക് 90 രൂപയ്ക്കാണ് സബ്സിഡി നിരക്കിൽ തക്കാളി നൽകുന്നത്. രാജ്യത്ത് പലയിടങ്ങളിലും തക്കാളി വില കിലോയ്ക്ക് 150 രൂപ കടന്നിട്ടുണ്ട്. സബ്‌സിഡി വിലയിൽ ഒരാൾക്ക് പരമാവധി രണ്ടുകിലോ തക്കാളി വരെ ഈ നിരക്കിൽ വാങ്ങാനുള്ള സൗകര്യമാണ് നിലവിൽ ഒരുക്കിയിരിക്കുന്നത് . ആന്ധ്രപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്ന് നേരിട്ടു സംഭരിച്ച തക്കാളിയാണ് വിപണനത്തിന് എത്തിച്ചിരിക്കുന്നത്. കാൻപുർ, ജയ്പുർ എന്നിവിടങ്ങളിലേക്കും വാരാന്ത്യത്തോടെ തക്കാളിയെത്തിക്കും.
ഇന്ന് ദില്ലിയിലെ 11 ജില്ലകളിലായി 20 മൊബൈൽ വാനുകളിലും അഞ്ച് വിതരണകേന്ദ്രങ്ങളിലുമാണ് വിൽപ്പന ആരംഭിച്ചത്. 17,000 കിലോ തക്കാളിയാണ് ഇന്ന് എത്തിച്ചത്. നാളെ 20,000 കിലോ തക്കാളി വരെ വിൽക്കാനാകുമെന്നാണ് കരുതുന്നത്. അതേസമയം ആവശ്യക്കാർ കൂടുകയാണെങ്കിൽ വരുംദിവസങ്ങളിൽ 40,000 കിലോവരെ തക്കാളി വിൽപ്പനയ്ക്ക് എത്തിക്കുമെന്നും എൻസിസിഎഫ് അധികൃതർ അറിയിച്ചു.

