ഗാന്ധിനഗർ : ഗുജറാത്തിൽ നിന്ന് അനധികൃത കുടിയേറ്റക്കാരായ 250 ബംഗ്ലാദേശി പൗരന്മാരെ നാടുകടത്തി കേന്ദ്രസർക്കാർ. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ ധാക്കയിലേക്ക് കൊണ്ടുപോയത്. അക്രമ സംഭവങ്ങൾ ഒഴിവാക്കാൻ എല്ലാ ബംഗ്ലാദേശി പൗരന്മാരുടെയും കൈകൾ വിലങ്ങിട്ട് ബന്ധിച്ചാണ് ദൗത്യം പൂർത്തിയാക്കിയത്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ഗുജറാത്തിൽ നിന്നും നിയമവിരുദ്ധമായി താമസിക്കുന്ന 1,200-ലധികം ബംഗ്ലാദേശി പൗരന്മാരെ കണ്ടെത്തി നാടുകടത്തിയിട്ടുണ്ടെന്ന് ഗുജറാത്ത് പോലീസ് അറിയിച്ചു. അഹമ്മദാബാദ്, സൂററ്റ്, വഡോദര, രാജ്കോട്ട് തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് ഇവർ വ്യാജ തിരിച്ചറിയൽ രേഖകളുമായി കഴിഞ്ഞിരുന്നത്.
കേന്ദ്ര സുരക്ഷാ ഏജൻസികളുമായി സഹകരിച്ച് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താനുള്ള ശ്രമത്തിലാണ് ഗുജറാത്ത് സർക്കാർ. വ്യാജ ആധാർ, പാൻ കാർഡുകൾ ഉൾപ്പെടെ വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് പല അനധികൃത ബംഗ്ലാദേശി പൗരന്മാരും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞുവരുന്നത്. വരും ആഴ്ചകളിലും പരിശോധനകൾ തുടരുമെന്ന് ഗുജറാത്ത് പോലീസും കേന്ദ്ര ഏജൻസികളും അറിയിച്ചു.

