Sunday, January 4, 2026

ആശ്വാസ വാർത്തയുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; ഏപ്രിൽ മാസത്തിൽ വേനൽ മഴ കൂടും, ചൂട് കുറയുമെന്ന് മുന്നറിയിപ്പ്

ദില്ലി: ആശ്വാസ വാർത്തയുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏപ്രിൽ മാസത്തിൽ വേനൽ മഴ കൂടുമെന്നും ചൂട് കുറയുമെന്നുമുള്ള മുന്നറിയിപ്പാണ് ഇപ്പോൾ കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്നത്. ഏപ്രിൽ മാസത്തിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാൽ ഏപ്രിൽ മാസത്തിൽ സാധാരണ ലഭിക്കേണ്ട ശരാശരി മഴയുടെ അളവ് 105.1 എംഎം ആണ്. മാർച്ച് മാസത്തിൽ വേനൽ മഴ 45% അധികം ലഭിച്ചു. പകൽ താപനില പൊതുവെ സാധാരണയെക്കാൾ കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് സൂര്യനിൽ നിന്നുമുള്ള അൾട്രാവയലറ്റ് കിരണങ്ങളുടെ തോത് കൂടിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അന്തരീക്ഷത്തിലെ ചൂട് 40 ഡിഗ്രി വരെ ഉയരാൻ സാധ്യത ഉണ്ടെന്നും മുന്നറിയിപ്പിൽ പറഞ്ഞിരുന്നു. കേരളത്തിൽ മാത്രം അൾട്രാ വയലറ്റ് ഇൻഡക്സ് 12 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൂട് വലിയ തോതിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ 12 മണി മുതൽ 2 മണി വരെ പുറത്തിറങ്ങരുതെന്നും ജാഗ്രത നിർദ്ദേശം ഉണ്ട്. കൂടാതെ വരുന്ന നാല് ദിവസങ്ങൾക്കുള്ളിൽ ചൂട് കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ദില്ലിയിലും താപനില 40 ഡിഗ്രിയിലേക്കെത്തുമെന്നാണ് റിപ്പോർട്ട്. ഇന്നും ചൂടുകാറ്റിന് സാധ്യതയുള്ളതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

Related Articles

Latest Articles