Sunday, May 12, 2024
spot_img

ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ! നടപടി UAPA നിയമപ്രകാരം !

ഗായകന്‍ സിദ്ദു മൂസേവാലയുടെ കൊലപാതകത്തിലെ സൂത്രധാരന്‍ എന്ന് കരുതപ്പെടുന്ന കുപ്രസിദ്ധ കുറ്റവാളി ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം . യുഎപിഎ നിയമപ്രകാരമാണ് നടപടി. നിലവിൽ കാനഡയിലെ ബ്രാംപ്ടനിലുള്ള ​ഗോൾഡി ബ്രാറിന് നിരോധിത സിഖ് സംഘടനയുമായി ബന്ധമുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. വിവിധ സംസ്ഥാനങ്ങളിലായി നിരവധി കേസുകളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെയും പ്രതിപ്പട്ടികയിലുള്ളയാളാണ് ഗോള്‍ഡി ബ്രാര്‍.

സതീന്ദർജിത് സിങ് എന്ന ഗോൾഡി ബ്രാറിനെതിരെ നേരത്തെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പഞ്ചാബിലെ ഫരീദ്കോട്ടിൽ ജനിച്ച ഇയാൾ 2017ലാണ് കാനഡയിലേക്ക് കടന്നത്. ബാബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ എന്ന നിരോധിത തീവ്രവാദ സംഘടനയുമായി ചേര്‍ന്ന് ഇയാള്‍ പ്രവര്‍ത്തനം നടത്തുകയാണ്.

ഇയാളും കൂട്ടാളികളും ചേര്‍ന്ന് പഞ്ചാബില്‍ സമാധാനവും സാമൂഹിക ഐക്യവും ക്രമസമാധാനവും തകര്‍ക്കാനുള്ള ഗൂഢാലോചന നടത്തുകയും ഭീകരാക്രമണങ്ങളിലും കൊലപാതകങ്ങളിലും മറ്റ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഇയാള്‍ ഏര്‍പ്പെട്ടുവെന്നും രാജ്യത്ത് കൊലപാതകങ്ങള്‍ നടത്തുന്നതിന് വേണ്ടി ഉഗ്രശേഷിയുള്ള ആയുധങ്ങളും സ്ഫോടക വസ്തുക്കളും കടത്തിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വിശദീകരിക്കുന്നു.

കഴിഞ്ഞ വര്‍ഷം മേയ് 29ന് പഞ്ചാബിലെ മാന്‍സ ജില്ലയിൽ ഗായകന്‍ സിദ്ദു മൂസേവാല കാറിനുള്ളില്‍ വെടിയേറ്റ് മരിച്ചത്. പിന്നീട് ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഗോള്‍ഡി ബ്രാര്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ രംഗത്തെത്തുകയായിരുന്നു.

Related Articles

Latest Articles