ന്യൂഡൽഹി: അത്ഭുതങ്ങൾ ഒളിപ്പിച്ച് സെൻട്രൽ വിസ്റ്റ പദ്ധതി മെട്രോയുമായും ബന്ധിപ്പിച്ച് ഉള്ള സുരക്ഷിത യാത്ര ഒരുക്കുന്നു. സമ്പൂർണ്ണമായി സാങ്കേതിക സുരക്ഷാ സംവിധാനത്തിൽ പ്രവർത്തിക്കാൻ പോകുന്ന ഭരണ സിരാകേന്ദ്രത്തിലാണ് യാത്രാസംവിധാനങ്ങളും അത്യാധുനികമാകുന്നത്. ഭൂഗർഭ പാതകളാൽ ബന്ധിപ്പിക്കുന്ന കെട്ടിട സമുച്ചയങ്ങളിലൂടെയാണ് യാത്രാസംവിധാനവും ഏകോപിപ്പിക്കപ്പെടുന്നത്. നിലവിലെ മെട്രോ സ്‌റ്റേഷനുമായി ബന്ധപ്പെടുത്തിയാണ് യാത്ര ഒരുങ്ങുന്നത്.
ജീവനക്കാരേയും സന്ദർശകരേയും ഒരുഭാഗത്തു നിന്നും മറ്റിടങ്ങളിലേയ്‌ക്ക് എത്തിക്കുക ഡ്രൈവറില്ലാത്ത ട്രെയിനുകളായിരിക്കുമെന്നാണ് സൂചന. സെൻട്രൽ വിസ്റ്റ ഭൂഗർഭ ഇടനാഴിയിലൂടെ 3 കിലോമീറ്റർ ദൂരം ലൂപ് ട്രെയിനിലാണ് നമുക്ക് സഞ്ചരിക്കാനാവുക. അതിവേഗം വിവിധ മേഖലകളിലേക്ക് സഞ്ചരിക്കാൻ ലൂപിലൂടെ സ്വയം നിയന്ത്രിത സെൻസറുകളുള്ള ട്രെയിനുകൾ നിശ്ചിത ഇടവേളകളിൽ സഞ്ചരിച്ചുകൊണ്ടിരിക്കും. സെൻട്രൽ വിസ്റ്റയിൽ നിലവിലെ രാജ്പഥിനിരുവശത്തുമായും മൂന്ന് കെട്ടിട സമുച്ചയങ്ങൾ വീതം വരുന്ന നാലു മേഖലകളാണ് വിവിധ വകുപ്പുകൾക്കായി നിർമ്മാണം പൂർത്തിയാകുന്നത്.
ഇടനാഴി പ്രധാനമായും നാല് കേന്ദ്രസർക്കാർ സ്ഥാപനങ്ങളെയാണ് ബന്ധിപ്പിക്കുക. ഇവയെല്ലാം ഭൂഗർഭ പാതയിലൂടെയുള്ള യാത്രാ സംവിധാനങ്ങളുള്ളവയാണ്. മെട്രോ സ്‌റ്റേഷനിൽ നിന്ന് സെന്റർ സെക്രട്ടറിയേറ്റിലേക്ക് പ്രത്യേകം പാതയാണ് ഉണ്ടാവുക. നിലവിലെ മഞ്ഞ-വൈലറ്റ് ലൈൻ മെട്രോ പാതകളാണ് സെന്റർ സെക്രട്ടറിയേറ്റ് ഭൂഗർഭ പാതയുമായി ബന്ധപ്പെടുത്തുക. സ്വന്തം വാഹനം പരമാവധി ഭരണ സിരാകേന്ദ്രങ്ങളിലേക്ക് ജീവനക്കാർ എത്തിക്കാതിരിക്കാനാണ് പ്രധാന ഉദ്ദേശം.
സെൻട്രൽ വിസ്റ്റ പദ്ധതിക്കായി ഡൽഹി മെട്രോ കോർപ്പറേഷൻ പദ്ധതി രൂപരേഖ സമർപ്പിച്ചു കഴിഞ്ഞു. ഇരുപതിനായിരം യാത്രക്കാരാണ് ഏറ്റവും തിരക്കേറിയ സമയത്ത് സെൻട്രൽ വിസ്റ്റ ലൂടെ കടന്നുപോവുക എന്നാണ് അനുമാനിക്കുന്നത്. സ്റ്റാൻഡേർഡ് ഗേയ്ജ് വലുപ്പ ത്തിൽ മൂന്ന് ബോഗികളുള്ള ട്രെയിനാണ് പുതുതായി ഓടുക. തിരക്കുള്ള സമയം ഒരു ട്രെയിൻ മണിക്കൂറിൽ 800 നടുത്ത് യാത്രക്കാരെ വഹിക്കും.

