രണ്ട് ദിവസം നീണ്ട അന്വേഷണത്തിനൊടുവിൽ ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ളക്കാരൻ പിടിയിൽ. ചാലക്കുടി സ്വദേശിയായ റിജോ ആൻ്റണിയാണ് പിടിയിലായത്. പ്രതിയിൽ നിന്ന് പത്തു ലക്ഷം രൂപ കണ്ടെടുത്തു. ബാങ്കിലെ സാമ്പത്തിക ബാധ്യത തീർക്കാനാണ് കൊള്ള നടത്തിയതെന്ന് പ്രതി മൊഴി നൽകി .
ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിൽ നിന്നാണ് പ്രതി 15 ലക്ഷം രൂപ കവർന്നത്. മൂന്നു ദിവസം മുമ്പ് ഉച്ചതിരിഞ്ഞ് രണ്ടേകാലോടെ കവർച്ചയ്ക്ക് ശേഷം അങ്കമാലി ഭാഗത്ത് വരെ മോഷ്ടാവ് എത്തിയതായി പൊലീസിന് സിസിടിവിയിൽ നിന്ന് വിവരം ലഭിച്ചിരുന്നു. അങ്കമാലി, ആലുവ, പെരുമ്പാവൂർ ഉൾപ്പെടെയുള്ള മേഖലകളിലാണ് പൊലീസ് പരിശോധന നടത്തിയത്. മുഖം പൂർണ്ണമായും മറയ്ക്കുന്ന ഹെൽമെറ്റും ജാക്കറ്റും ഗ്ലൗസും ധരിച്ചാണ് മോഷ്ടാവ് ബാങ്കിൽ എത്തിയത്. ബാങ്കിൽ ഉണ്ടായിരുന്ന ജീവനക്കാരനെ ഭീഷണിപ്പെടുത്തി ബാത്ത്റൂമിൽ കയറ്റി അടച്ചശേഷം ക്യാഷ് കൗണ്ടർ അടിച്ചു തകർത്തതിന് പിന്നാലെയാണ് പണം കവർന്നത്. 45 ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ കൗണ്ടറിൽ ഉണ്ടായിരുന്നെങ്കിലും15 ലക്ഷം രൂപ വരുന്ന മൂന്ന് ബണ്ടിലുകൾ മാത്രമാണ് മോഷ്ടാവ് എടുത്തു കൊണ്ടുപോയത്.

