കേസരപ്പള്ളി: ആന്ധ്രാപ്രദേശിൽ ജഗൻമോഹൻ റെഡ്‌ഡി സർക്കാരിനാൽ അപമാനിതനായപ്പോൾ ചന്ദ്രബാബു നായിഡു എടുത്ത പ്രതിജ്ഞ മുഖ്യമന്ത്രി ആയല്ലാതെ നിയമസഭയിലേക്ക് മടങ്ങി വരില്ലെന്നായിരുന്നു. തെലുഗു രാഷ്ട്രീയത്തിലെ പുത്തൻ താരോദയം പവൻ കല്യാണുമായി ചേർന്ന് എൻ ഡി എ സഖ്യമായി തെരെഞ്ഞെടുപ്പിൽ മിന്നും വിജയം സ്വന്തമാക്കിയ ചന്ദ്രബാബു നായിഡു ഇന്ന് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കും. ഗണ്ണവാരം വിമാനത്താവളത്തിനടുത്ത് കേസരപ്പള്ളി ഐ ടി പാർക്കിൽ ഇന്ന് രാവിലെ 11:27 നാണ് സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയടക്കം 25 മന്ത്രിമാരാകും സത്യപ്രതിജ്ഞ ചെയ്യുക. ജനസേന നേതാവ് പവൻ കല്യാൺ ഉപമുഖ്യമന്ത്രിയായേക്കും. പുറത്തിറങ്ങിയ മന്ത്രിമാരുടെ പട്ടികയിൽ പവൻ കല്യാണിന്റെ പേര് രണ്ടാമതാണ്. ചന്ദ്രബാബു നായിഡുവിന്റെ മകൻ നാനാ ലോകേഷ് ആണ് മൂന്നാമൻ.
നിയമസഭയിൽ 21 അംഗങ്ങളുള്ള ജനസേനയുടെ നേതാവ് പവൻ കല്യാൺ ആണ് ആന്ധ്രയിൽ എൻ ഡി എ സഖ്യത്തിന്റെ ശിൽപ്പി. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എൻ ഡി എ യിൽ നിന്ന് അകന്നു നിൽക്കുകയായിരുന്ന ചന്ദ്രബാബു നായിഡുവിനെ ബിജെപി സഖ്യത്തിൽ എത്തിച്ചത് പവനായിരുന്നു.
നിയമസഭയിൽ എട്ട് അംഗങ്ങളുള്ള ബിജെപിക്ക് ഒരു മന്ത്രി പദവിയുണ്ട്. ബിജെപി നേതാവ് സത്യപ്രതാപ് ജാദവ് ആണ് മന്ത്രിസഭയിലെ ബിജെപി പ്രതിനിധി. മന്ത്രിമാരിൽ 17 പേർ മുതുമുഖങ്ങളാണ് 10 പേർ ആദ്യമായി എം എൽ എമാരാകുന്നവരാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അദ്ധ്യക്ഷൻ ജെ പി നദ്ദ തുടങ്ങിയ പ്രമുഖർ സത്യപ്രതിജ്ഞാ ചടങ്ങിനെത്തും. പ്രമുഖ തെലുഗു സിനിമാ താരങ്ങളായ ചിരഞ്ജീവി, അല്ലു അർജുൻ, ജൂനിയർ എൻ ടി ആർ തുടങ്ങിയവരും പങ്കെടുക്കും. സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന ഐ ടി പാർക്കിലും പരിസരവും വലിയ സുരക്ഷാ വലയത്തിലാണ്.

