കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കോവിഡ്-19 സംശയത്തെ തുടര്‍ന്നു നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. കോട്ടയം ചെങ്ങളം സ്വദേശി ശശീന്ദ്രനാണ് ഇന്ന് രാവിലെ മരിച്ചത്.
ചെങ്ങളം സ്വദേശികളായ രണ്ടുപേര്‍ കോവിഡ്-19 ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇറ്റലിയില്‍നിന്നു വന്നവരില്‍നിന്നാണ് ഇവര്‍ക്കു കോവിഡ്-19 ബാധിച്ചത്. ഇവരുമായി സെക്കന്‍ഡ് സ്റ്റേജ് ബന്ധം പുലര്‍ത്തിയതിനെ തുടര്‍ന്നാണു ശശീന്ദ്രനെ നിരീക്ഷണത്തിലാക്കിയത്. പ്രത്യേകിച്ച് അസുഖം ഇല്ലാതിരുന്ന ഇയാള്‍ ഇന്നലെ വൈകിട്ട് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു.
അതേസമയം, പക്ഷാഘാതമാണ് മരണകാരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ശശീന്ദ്രന്റെ സാന്പിള്‍ പരിശോധനയ്ക്ക് അയയ്ക്കുമെന്നും അതിനുശേഷം മാത്രമേ വ്യക്തമായി എന്തെങ്കിലും പറയാന്‍ കഴിയൂ എന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇതോടെ ചെങ്ങളത്ത് കനത്ത ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്..

