Tuesday, December 23, 2025

ഒന്നാം ക്വാളിഫയറിൽ വമ്പൻ സ്‌കോർ ഉയർത്താനാകാതെ ചെന്നൈ ; ഗുജറാത്തിന് 173 റൺസ് വിജയലക്ഷ്യം

ചെന്നൈ : ഐപിഎല്ലിലെ ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ വമ്പൻ സ്‌കോർ ഉയർത്താൻ കഴിയാതെ ചെന്നൈ. ടോസ് നേടിയ ഗുജറാത്ത് ചെന്നൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് ചെന്നൈ സ്‌കോർ ബോർഡിൽ കൂട്ടിച്ചേർത്തത്. അര്‍ധ സെഞ്ചുറിയുമായി തകർപ്പൻ ഫോം തുടർന്ന ഋതുരാജ് ഗെയ്ക്‌വാദാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.

ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്കായി ഋതുരാജ് ഗെയ്ക്‌വാദ് – ഡെവോണ്‍ കോണ്‍വെ ഓപ്പണിങ് സഖ്യം നല്ല തുടക്കമാണ് സമ്മാനിച്ചത്. 63 പന്തില്‍ നിന്ന് 87 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 44 പന്തില്‍ നിന്ന് ഒരു സിക്‌സും ഏഴ് ഫോറുമടക്കം 60 റണ്‍സെടുത്ത ഋതുരാജിനെ പുറത്താക്കി വെറ്ററൻ പേസർ മോഹിത് ശര്‍മയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തുടര്‍ന്നെത്തിയ ശിവം ദുബെയ്ക്ക് (1) ഇത്തവണ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.

പിന്നാലെയെത്തിയ അജിങ്ക്യ രഹാനെ 10 പന്തില്‍ നിന്ന് 17 റണ്‍സെടുത്ത് പുറത്തായത് ചെന്നൈക്ക് തിരിച്ചടിയായി. തൊട്ടടുത്ത ഓവറില്‍ കോണ്‍വെയെ മുഹമ്മദ് ഷമി മടക്കി. 34 പന്തില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 40 റണ്‍സായിരുന്നു കോണ്‍വെ നേടിയത് . അമ്പാട്ടി റായുഡു ഒമ്പത് പന്തില്‍ നിന്ന് 17 റണ്‍സെടുത്തു. അവസാന ഓവറുകളിൽ ആഞ്ഞടിക്കുന്ന ക്യാപ്റ്റന്‍ എംഎസ് ധോണിക്ക് ഇന്ന് ഒരു റണ്ണെടുക്കാനേ സാധിച്ചുള്ളൂ. 16 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ചെന്നൈ സ്‌കോര്‍ 172-ല്‍ എത്തിച്ചത്. മോയിന്‍ അലി (9*) പുറത്താകാതെ നിന്നു. ഗുജറാത്തിനായി മോഹിത് ശര്‍മയും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Related Articles

Latest Articles