Tuesday, December 23, 2025

കുറ്റസമ്മത മൊഴി നൽകാൻ തയ്യാറല്ല !നെന്മാറ ഇരട്ടക്കൊലപാതക കേസിൽ നിലപാട് മാറ്റി പ്രതി ചെന്താമര ; പുതിയ നീക്കം അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ നിലപാട് മാറ്റി പ്രതി ചെന്താമര. കുറ്റസമ്മത മൊഴി നൽകാൻ തയ്യാറല്ലെന്നാണ് ചെന്താമരയുടെ പുതിയ നിലപാട്. അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ചെന്താമരയുടെ പുതിയ നീക്കം. ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇന്ന് ഉച്ചക്ക് ശേഷം ചെന്താമരയെ ഹാജരാക്കിയത്. പ്രതിയുടെ കുറ്റസമ്മതമൊഴി എടുക്കാൻ വേണ്ടിയാണ് ജ‍ഡ്ജിക്ക് മുന്നിൽ ഹാജരാക്കിയത്. കുറ്റസമ്മത മൊഴി രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളുണ്ടായിരുന്നു. ആ ചോദ്യങ്ങൾക്കെല്ലാം കൂസലില്ലാതെ ആയിരുന്നു പ്രതിയുടെ മറുപടി. എന്നാൽ അഭിഭാഷകനെ കണ്ടതിന് ശേഷമാണ് ചെന്താമരയുടെ നിലപാട് മാറ്റം.

അതേസമയം ചെന്താമരയുടെ ആദ്യ കൊലപാതക കേസിലെ ജാമ്യം ഇന്നലെ റദ്ദാക്കിയിരുന്നു. 2019-ല്‍ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് റദ്ദാക്കിയത്. പാലക്കാട് സെഷന്‍സ് കോടതിയുടേതാണ് നടപടി. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയാണ് സജിതയുടെ ഭര്‍ത്താവ് സുധാകരനേയും ഭര്‍തൃമാതാവ് ലക്ഷ്മിയേയും ചെന്താമര കൊലപ്പെടുത്തിയത്. 2022-ലാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.

ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചൊന്താമരയുടെ വിശ്വാസം. ഇരുവരും കൂടോത്രം നടത്തിയതാണ് ഭാര്യ തന്നില്‍ നിന്ന് അകലാന്‍ കാരണമെന്നും ഇയാള്‍ വിശ്വസിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. വീട്ടില്‍ അതിക്രമിച്ചെത്തിയ ചെന്താമര സജിതയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കൊലയ്ക്ക് ശേഷം നെല്ലിയാമ്പതി കാട്ടിലേക്ക് ഓടിയൊളിച്ച ചെന്താമര ദിവസങ്ങള്‍ക്ക് ശേഷമാണ് പിടിയിലാകുന്നത്. ഇതിന് ശേഷം ഇയാള്‍ ജാമ്യവ്യവസ്ഥ ലംഘിച്ചാണ് നെന്മാറയിലെത്തി മറ്റു രണ്ട് കൊലപാതകങ്ങള്‍ കൂടി നടത്തിയത്. കഴിഞ്ഞ മാസമായിരുന്നു ഈ കൊലപാതകം.

ജാമ്യവ്യവസ്ഥ ലംഘിച്ച് വീണ്ടും കുറ്റകൃത്യം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ചെന്താമരയുടെ ആദ്യ കൊലപാതകത്തിലെ ജാമ്യം റദ്ദാക്കിയത്

Related Articles

Latest Articles