തിരുവനന്തപുരം: കെ വി തോമസ് ഇരുപത്തി മൂന്നാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നതില്‍ തീരുമാനം നാളെ അറിയിക്കുമെന്ന് പറഞ്ഞതിന് പിന്നാലെ സിപിമ്മിനെ വിമർശിച്ച് കെപിസിസി രാഷ്ട്രീയ പഠന കേന്ദ്രം ഡയറക്ടർ ചെറിയാൻ ഫിലിപ്പ്.
രക്തം ഊറ്റിക്കുടിക്കുന്ന രക്തരക്ഷസിനോട് ഉപമിച്ചാണ് ചെറിയാൻ ഫിലിപ്പ് സിപിഎമ്മിനെതിരെ രംഗത്ത് എത്തിയത്. തന്റെ ഫേസ്ബുക്കിലൂടെയാണ് സിപിമ്മിനെതിരെ ആഞ്ഞടിച്ചത്. സിപിഎംന്റെ പ്രണയ തട്ടിപ്പിൽ കെ.വി തോമസ് ദയവായി കുടുങ്ങരുതെന്നും, കോൺഗ്രസിന്റെ ജനാധിപത്യ സംസ്ക്കാരത്തിൽ ജനിച്ചു വളർന്ന കെ.വി തോമസിന് സി പി എം ന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചെറിയാൻ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…
സിപിഎംന്റെ പ്രണയ തട്ടിപ്പിൽ കെ.വി തോമസ് ദയവായി കുടുങ്ങരുതെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സി പി എം. യൗവ്വനം മുതൽ ഇഎംഎസ് ഉൾപ്പെടെയുള്ളവർ തന്നെ സി പി എം വേദികളിലേക്ക് ആനയിച്ചിരുന്നു. അന്നത്തെ സ്റ്റേഹം വ്യാജമാണെന്ന് സഹയാത്രികനായ ശേഷമാണ് ബോദ്ധ്യപ്പെട്ടത്. ആ മരണക്കെണിയിൽ ഇരുപതു വർഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. അറവുശാലയിലേക്ക് കൊണ്ടുപോകുന്ന ആടുമാടുകളെ ഉടമസ്ഥർ ഒരിക്കലും പട്ടിണിക്കിടാറില്ല. കോൺഗ്രസിന്റെ ജനാധിപത്യ സംസ്ക്കാരത്തിൽ ജനിച്ചു വളർന്ന കെ.വി തോമസിന് സി പി എം ന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ല.-അദ്ദേഹം കുറിച്ചു.
അതേസമയം, ലോക്സഭയിലേയും നിയമസഭകളിലെയും സംഖ്യാബലത്തിന്‍റെയും വോട്ടുവിഹിതത്തിന്‍റെയും മാനദണ്ഡപ്രകാരം സിപിഎമ്മിന് ദേശീയ കക്ഷിയായി തുടരാനാവില്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാത്രമല്ല സിപിഎം ഇപ്പോൾ കേരളത്തിൽ മാത്രം ഒതുങ്ങുന്ന പ്രാദേശിക കക്ഷിയാണെന്നും ദേശീയ കക്ഷിയായി പിടിച്ചു നിൽക്കുന്നതിനുള്ള അടവുനയത്തെക്കുറിച്ചാണ് കണ്ണൂരിലെ പാർട്ടി കോൺഗ്രസ് ചർച്ചയെന്നും അദ്ദേഹം വിമർശിച്ചു.

